അമ്പലപ്പുഴ: ജെസിബി തകരാറിലായി വഴിയിൽ കുടങ്ങിയതോടെ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്. കാക്കാഴം റെയിൽവെ മേൽപ്പാലത്തിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കൊല്ലത്തു നിന്ന് എറണാകുളത്തേക്ക് പോയ ജെസിബി ഓട്ടത്തിനിടയിൽ മേൽപ്പാലത്തിന്റെ മധ്യ ഭാഗത്തു വെച്ച് നിന്നു പോകുകയായിരുന്നു. ഇതോടെ ദേശീയ പാതയിലൂടെ വന്നിരുന്ന വാഹനങ്ങൾ കിലോ മീറ്ററുകളോളം കുടുങ്ങിക്കിടന്നു.
രാവിലെയായതിനാൽ സ്കൂൾ വാഹനങ്ങളും ഗതാഗതക്കുരുക്കിൽപ്പെട്ടു. അത്യാസന്ന നിലയിലായ രോഗികളുമായി പോയ ആംബുലൻസുകളും ഈ ഗതാഗതക്കുരുക്കിൽ വലഞ്ഞു. അമ്പലപ്പുഴ പോലീസും ഹൈവേ പോലീസുമെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. പിന്നീട് മറ്റൊരു ജെസിബി എത്തിച്ച് തകരാറിലായ ജെസിബി മേൽപ്പാലത്തിന്റെ ഒരു ഭാഗത്തേക്ക് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മേൽപ്പാലത്തിൽ പല സ്ഥലങ്ങളിലായി രൂപപ്പെട്ട വലിയ കുഴികൾ രൂക്ഷമായ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നതിന് ഇടയിലാണ് ജെസിബി തകരാറിലായതു മൂലം അപ്രതീക്ഷിതമായി ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്.