നിപ: കോഴിക്കോട് അതീവ ജാഗ്രത; സ്കൂളുകൾക്ക് അവധി; 11 പേരുടെ ശ്രവ സാമ്പിൾ ഫലം ഇന്ന്,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി

Advertisement

കോഴിക്കോട്:
നിപ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. അംഗനവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്. അതേസമയം സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകുകയില്ല.

കൂടുതൽ പേർക്ക് നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. രോഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി പ്രഖ്യാപിച്ചു. പൊതുപരിപാടികൾക്ക് നിയന്ത്രണമുണ്ട്. വിവാഹ ചടങ്ങുകൾ നടത്തുന്നതിന് പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി വാങ്ങണം. ജില്ലയിൽ ഇതുവരെ അഞ്ച് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർ ചികിത്സയിലാണ്.

ജില്ലയിൽ ഈ മാസം 24 വരെ ആൾക്കൂട്ട പരിപാടികൾ പാടില്ല. ഉത്സവങ്ങൾ, പള്ളിപ്പെരുന്നാൾ ഒഴിവാക്കുന്ന പരിപാടികൾ ആൾക്കൂട്ടം ഒഴിവാക്കണം. കണ്ടെയിൻസോണുകളിൽ ഉള്ള ആളുകൾക്ക് മറ്റ് സ്ഥലങ്ങളിൽ സന്ദർശിക്കാനോ പുറമേയുള്ള ആളുകൾക്ക് കണ്ടെയിൻമെന്റ് സോണിലേക്ക് കടക്കാനോ അനുവാദമില്ല. അടിയന്തര ആവശ്യങ്ങൾക്കുള്ള കടകൾ മാത്രമേ ഈ സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ പാടുള്ളൂ. രാവിലെ 7 മുതൽ വൈകിട്ട് 5 വരെ കടകൾ പ്രവർത്തിക്കാൻ അനുമതിയുള്ളൂ.

മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലുംപാറ ഗ്രാമപഞ്ചായത്തുകളാണ് നിലവിൽ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.