പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി പാലക്കാട് ഷൊർണ്ണൂരിൽ എൻഐഎ ലുക്ക് ഔട്ട് നോട്ടീസ്,ലക്ഷങ്ങൾ പാരിതോഷികവും വാഗ്ദാനം

Advertisement

പാലക്കാട്.നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി പാലക്കാട് ഷൊർണ്ണൂരിൽ എൻഐഎ ലുക്ക് ഔട്ട് നോട്ടീസ്. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലുമാണ് എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്. പ്രതികളെ കുറിച്ച് വിവരങ്ങൾ നല്കുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികവും ലുക്ക് ഔട്ട് നോട്ടീസിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.ശ്രീനിവാസൻ കേസിലെ പ്രതികളെ അടക്കം കണ്ടെത്താനാണ് പോലീസ് നടപടി


ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലുമാണ് എൻഐഎയുടെ നോട്ടീസ്. പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കര അബ്ദുൾ റഷീദ് (32), ചെർപ്പുളശ്ശേരി നെല്ലായ പട്ടിശ്ശേരി മാരായമംഗലം സ്വദേശി മുഹമ്മദാലി (42),
കൂറ്റനാട് വാവന്നൂർ ചാലിപ്പുറം ഷാഹുൽ ഹമീദ് (54), മേലെ പട്ടാമ്പി തെക്കുമുറി സ്വദേശി മുഹമ്മദ് മൻസൂർ, എറണാകുളം പറവൂർ മുപ്പത്തടം സ്വദേശി അബ്ദുൾ വഹാബ് (36), പേരുവിവരങ്ങൾ ലഭിക്കാത്ത മറ്റൊരാൾ എന്നിവരാണ് ലുക്ക് ഔട്ട് നോട്ടീസിൽ ഉള്ളത്. എൻ.ഐ.എ. കൊച്ചി ഓഫീസിൽ രജിസ്റ്റർ ചെയ്ത പി.എഫ്.ഐ. കേസിലെ പ്രതികളാണിവർ.
പ്രതികളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ലക്ഷങ്ങൾ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.
പേരും വിവരവും ലഭ്യമാകാത്തയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപയാണ് പ്രതിഫലം.
എറണാകുളം സ്വദേശി അബ്ദുൾ വഹാബിനെക്കുറിച്ചും പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശി അബ്ദുൾറഷീദിനെക്കുറിച്ചും വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം വീതവും. മറ്റുള്ളവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം വീതവുമാണ് പ്രതിഫലം ലഭിക്കുക.
പ്രതികളെക്കുറിച്ച് വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.
എൻ.ഐ.എ. കൊച്ചി ഓഫീസിലെ ഫോൺ നമ്പറും നോട്ടീസിലുണ്ട്. നേരത്തെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിലും പ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.