വൈദ്യുതി കരാര്‍ വിഷയത്തില്‍ ആശങ്ക വേണ്ട. ജനങ്ങളുടെ മേല്‍ അമിതഭാരം വരില്ലെന്ന് മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം.വൈദ്യുതി കരാര്‍ വിഷയത്തില്‍ ആശങ്ക വേണ്ടെന്നും ജനങ്ങളുടെ മേല്‍ അമിതഭാരം വരില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നതു വഴി ഏഴു കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് പ്രതിപക്ഷം ആരോപിച്ചു.

നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് ഇല്ലാക്കഥകളാണ് പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി പി.പ്രസാദ് നിയമസഭയെ അറിയിച്ചു. കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ചോദ്യോത്തരവേളയിലാണ് വൈദ്യുതി കരാര്‍ വിഷയം എം.വിന്‍സന്റ് നിയമസഭയില്‍ ഉന്നയിച്ചത്. ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് ഉള്‍പ്പെടുന്ന റെഗുലേറ്ററി കമ്മീഷനാണ് ദീര്‍ഘ കാല കരാര്‍ റദ്ദാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

കരാര്‍ റദ്ദാക്കിയതില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കരാറിന്റെ ഭാഗമായി വൈദ്യുതി നിരക്ക് കൂട്ടില്ലെന്നും വൈദ്യുതിമന്ത്രി വ്യക്തമാക്കി. ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രിയും പറഞ്ഞു.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യ ഇല്ലാക്കഥകളാണ് പറഞ്ഞതെന്ന് അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയായി മന്ത്രി പി.പ്രസാദ് പറഞ്ഞു.


നെല്‍ക്കര്‍ഷകര്‍ പണത്തിനുവേണ്ടി കാത്തിരിക്കേണ്ട ഗതികേട് കേരള ചരിത്രത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം.

നെല്‍ കര്‍ഷകരുടെ ദുരിതം പറഞ്ഞ ജയസൂര്യയെ സൈബര്‍ സഖാക്കള്‍ ആക്രമിച്ചെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ സണ്ണി ജോസഫ് കുറ്റപ്പെടുത്തി.