മൺറോ തുരുത്ത് റെയിൽവേസ്റ്റേഷനിൽ പോർട്ടബിൾ അൺ റിസർവ്ഡ് ടിക്കറ്റിം​ഗ് സംവിധാനം

Advertisement

കൊട്ടാരക്കര: മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ പേപ്പർ ടിക്കറ്റിന് പകരം പോർട്ടബിൾ അൺ റിസർവ്ഡ് ടിക്കറ്റിങ്ങ് സിസ്റ്റം (പി യു ടി എസ്) സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് നൽകുന്ന സൗകര്യം കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്തു.

ചവറ കെ എം എം എൽ ആണ് സ്ഥാപനത്തിൻ്റെ സി എസ് ആർ (കോർപ്പറേറ്റ് സാമൂഹിക ബാധ്യതാ ഫണ്ട്) ഫണ്ടിൽ നിന്നാണ് ഒന്നര ലക്ഷം രൂപ അനുവദിച്ചത്. രണ്ട് പോർട്ടബിൾ അൺ റിസർവ്ഡ് ടിക്കറ്റിങ്ങ് സിസ്റ്റം (പി യു ടി എസ്) യന്ത്രങ്ങൾ ആണ് ചവറ കെ എം എം എൽ സ്പോൺസർ ചെയ്തത്. ഒരു മെഷീൻ പ്രവർത്തിക്കുമ്പോൾ മറ്റൊരു മെഷീൻ അധികമായി സ്റ്റേഷനിൽ ഉണ്ടാകും, ഇതുവഴി ഒരു മെഷീനിനു തകരാറ് സംഭവിച്ചാൽ പോലും യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിന് തടസ്സം വരില്ല എന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ഈ ടിക്കറ്റിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിന് വേണ്ട പരിശീലനം ടിക്കറ്റ് നൽകുന്ന ഹാൾട്ട് ഏജന്‍റിന് റെയിൽവേയുടെ കൊമേഴ്സ്യൽ വിഭാഗം നൽകിക്കഴിഞ്ഞു.

ഇനി മുതൽ മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ത്യയിൽ എല്ലാ ഭാഗത്തേക്കും പോകുന്ന ട്രെയിനുകൾക്ക് ഈ ടിക്കറ്റിങ് മെഷീൻ വഴി ടിക്കറ്റുകൾ ലഭിക്കുന്നതാണ്. നേരത്തെ നാമമാത്രമായി ലഭിച്ചു കൊണ്ടിരിക്കുന്ന പേപ്പർ ടിക്കറ്റിന് പകരമാണ് പുതിയ ടിക്കറ്റിങ് മെഷീൻ വഴി ഇലക്ട്രോണിക് സംവിധാനത്തിലുള്ള ടിക്കറ്റുകൾ ലഭിച്ചു തുടങ്ങുന്നത്.

നിലവിലുള്ള ഹാൾട് ഏജന്‍റ് അടുത്തുള്ള ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പോയി ടിക്കറ്റുകൾ വാങ്ങി എല്ലാ ദിവസവും മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾക്ക് ആവശ്യമായ ടിക്കറ്റുകൾ ശേഖരിച്ച് ആണ് യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകിയിരുന്നത്. എന്നാലിനി മുതൽ ഹാൾട്ട് ഏജന്‍റ് ഇത്തരത്തിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പോയി ടിക്കറ്റുകൾ വാങ്ങി വരുന്ന സാഹചര്യം ഒഴിവാകും എന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

പരിമിതമായ പേപ്പർ ടിക്കറ്റുകൾ മാത്രം ലഭിച്ചിരുന്ന മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ ഇനി മുതൽ സ്റ്റേഷനിൽ നിർത്തുന്നതും അല്ലാത്തതുമായ എല്ലാ ട്രെയിനുകൾക്കും ടിക്കറ്റ് എടുക്കാവുന്നതാണ് എന്നും കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. മണ്‍റോത്തുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മിനി സൂര്യകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈ.ഷാജഹാന്‍, തുണ്ടില്‍ നൌഷാദ്, ജയകുമാര്‍, സേതൂ, കല്ലട വിജയന്‍, എബ്രഹാം സാമുവേല്, നകുലരാജന്‍, ശ്യാം, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.