പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Advertisement

പേരാമ്പ്ര(കോഴിക്കോട്): ചാലിക്കരയിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ പരസ്യ സ്ഥാപന ഉടമയായ യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മൂസ- സറീന ദമ്പതികളുടെ മകൻ മുനീബ് (27) ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്‌ക്ക് ഒന്നരയോടെ ചാലിക്കര മായഞ്ചേരി പൊയിൽ റോഡ് ജംക്‌ഷന് സമീപം സംസ്ഥാന പാതക്കരികിലെ പറമ്പിൽ ബോർഡ് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. പരസ്യ ബോർഡ് സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിയുകയായിരുന്നു. കൂടെ സഹായി ഉണ്ടായിരുന്നെങ്കിലും ഇയാൾ രക്ഷപ്പെട്ടു.

പേരാമ്പ്രയിൽ നിന്ന് കെഎസ്ഇബി അധികൃതരെത്തി ലൈൻ ഓഫ് ചെയ്ത ശേഷമാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. പേരാമ്പ്ര സഹകരണ ആശുപത്രിലയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജ്വ എന്ന പരസ്യ സ്ഥാപനം നടത്തി വരികയായിരുന്നു മുനീബ്.

യൂത്ത് ലീഗ് കക്കാട് ശാഖ പ്രസിഡന്റ്, മണ്ഡലം കൗൺസിലർ, എസ്കെഎസ്എസ്എഫ് പേരാമ്പ്ര മേഖല ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുകയായിരുന്നു. സഹോദരി മുഹസിന.

Advertisement