ജോലി തേടുന്നവരേ, ഇതാ ആശ്വാസം! വിദേശത്തടക്കം വൻ അവസരങ്ങൾ, നോർക്ക വഴികാട്ടും; പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

Advertisement

കോഴിക്കോട്: വിദേശരാജ്യങ്ങളിലെയും, സ്വദേശത്തേയും പുതിയ തൊഴിൽ മേഖലകളും കുടിയേറ്റ സാധ്യതകളും മനസ്സിലാക്കുന്നതിന് നോർക്ക റൂട്ട്‌സ് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ (ഐ ഐ എം) സഹകരണത്തോടെ നടത്തിയ പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. കോഴിക്കോട് ഐ ഐ എം ക്യാമ്പസിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി.

സംയുക്ത പഠന റിപ്പോർട്ട് ഐ ഐ എം കോഴിക്കോട് ഡീൻ ഫ്രൊഫ. ദീപാ സേത്തി നോർക്ക റൂട്ട്സ് സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരിക്ക് കൈമാറി. വിദേശത്തെ പുതിയ തൊഴിലവസരങ്ങൾ കുടിയേറ്റ സാധ്യതകൾ, ഭാവിയിലേയ്ക്കുളള തൊഴിൽ നൈപുണ്യ വികസനം എന്നിവ സംബന്ധിക്കുന്ന സമഗ്രമായ റിപ്പോർട്ടാണ് കൈമാറിയതെന്ന് പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിലുളള തുടർനടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുമായും ഐ ഐ എം സംഘം കൂടിക്കാഴ്ചയ്ക്ക് താൽപര്യം അറിയിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം, നൈപുണ്യവികസനം, വിദേശത്ത് ക്യാമ്പസുകൾ തുടങ്ങിയ വിവിധ മേഖലകളിൽ നോർക്ക റൂട്ട്സുമായി സഹകരിച്ചു പ്രവർത്തിക്കാനുളള സന്നദ്ധത ഐ.ഐ.ഏം കോഴിക്കോട് അറിയിച്ചതായും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

പുതിയ തൊഴിൽ മേഖലകൾ, സാങ്കേതികവിദ്യ, അവയുടെ സാധ്യതകൾ, ഇതിലേയ്ക്കാവശ്യമായ വിദ്യാഭ്യാസ, നൈപുണ്യ വികസനസാധ്യതകൾ എന്നിവ റിപ്പോർട്ടിലുണ്ട്. ഇത് നോർക്ക റൂട്ട്സ് വിഭാവനം ചെയ്യുന്ന കേരളത്തിൽ നിന്നുളള വ്യവസ്ഥാപിതവും സുരക്ഷിതവുമായ തൊഴിൽ കുടിയേറ്റസാധ്യതകൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് സി ഇ ഒ കെ ഹരികൃഷ്ണൻ നമ്പൂതിരിയും അഭിപ്രായപ്പെട്ടു. കുടിയേറ്റത്തിന് മുൻപ് ആവശ്യമായ തൊഴിൽ നൈപുണ്യവികസനത്തിനും മറ്റ് നടപടികൾക്കും റിപ്പോർട്ട് സഹായകരമാകുമെന്നും കെ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. പ്രവാസി സേനങ്ങളുമായി ബന്ധപ്പെട്ട് നോർക്ക റൂട്ട്സ് മാതൃക രാജ്യത്തെ നാലു സംസ്ഥാനങ്ങൾ സ്വീകരിച്ചത് ഏറെ ശ്രദ്ധേയമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതൽ വൈവിധ്യവൽക്കരിക്കാനും വ്യവസായ വാണിജ്യ സാധ്യതകൾക്ക് അനുകൂലമായ തൊഴിൽ സാഹചര്യം പ്രയോജനപ്പെടുത്താനുമുളള നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ട്. പ്രവാസി കേരളീയരുടെ നയരൂപീകരണത്തിന് ഒരു പോളിസി മാനുവലിന്റെ രൂപീകരണം എന്നിവയും 92 പേജുകളുളള റിപ്പോർട്ട് ലക്ഷ്യമിടുന്നു.

യു എസ് എ, കാനഡ, യു കെ, അയർലൻഡ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവ ഉൾപ്പെടുന്ന തൊഴിൽ കുടിയേറ്റത്തിനുള്ള മുൻഗണനാ ലക്ഷ്യസ്ഥാനങ്ങളും റിപ്പോർട്ടിലുണ്ട്. വികസിത സമ്പദ്‌വ്യവസ്ഥകൾ ശക്തമായ തൊഴിലവസരങ്ങളും സാമ്പത്തിക സ്ഥിരതയും വാഗ്ദാനം ചെയ്യുന്നതായും റിപ്പോർട്ടിലുണ്ട്. ആരോഗ്യ മേഖലയ്ക്കു പുറമേ അക്കൗണ്ടിംഗ്, ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലും വിദേശ തൊഴിലവസരങ്ങൾ സാധ്യമാണ്. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി വളർത്തുക എന്ന ലക്ഷ്യത്തിലേയ്ക്ക് സഹായകരമാകുന്ന നിർദ്ദേശങ്ങളും റിപ്പോർട്ട് മുന്നോട്ടുവെയ്ക്കുന്നു. ചടങ്ങിൽ ഫ്രൊഫസർമാരായ സിദ്ധാർത്ഥ പദി, പ്രൺത്ഥിക റായി എന്നിവരും സംബന്ധിച്ചു.