ഇടുക്കി. ചെറുതോണി ഡാമിൽ സുരക്ഷ വീഴ്ച ഉണ്ടായ സംഭവത്തിൽ 6 പോലീസുകാർക്ക് സസ്പെൻഷൻ. പാലക്കാട് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസ് ഡാമിനുള്ളിൽ പ്രവേശിച്ച് താഴുകൾ ഇട്ട് പൂട്ടിയ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
ജൂലൈ 22നാണ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസ് 11 താഴുകളുമായി പോലീസുകാരുടെ സുരക്ഷാ പരിശോധന മറികടന്ന് ചെറുതോണി അണക്കെട്ടിൽ പ്രവേശിച്ചത്. അതും സന്ദർശക പാസ് എടുത്ത്. അതിസുരക്ഷ മേഖലയിൽ പെടുന്ന ഇടുക്കി ഡാമിലേക്ക് പ്രവേശിക്കണമെങ്കിൽ കർശന സുരക്ഷാ പരിശോധന കൂടിയേ തീരു. എന്നിട്ടും പ്രതി താഴുകളുമായി അകത്ത് പ്രവേശിച്ചത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരുടെ വീഴ്ചയാണന്നൊണ് വിലയിരുത്തൽ. ഇതിൻറെ അടിസ്ഥാനത്തിലാണ് 6 ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി ഇടുക്കി എസ്പി സസ്പെൻഡ് ചെയ്തത്.
നിലവിൽ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ പോലീസ് ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. മിലിറ്ററി ഇന്റലിജൻസും കേസ് അന്വേഷിക്കുന്നുണ്ട്. സുരക്ഷ വീഴ്ച ഉണ്ടായ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് സമർപ്പിച്ചു. ഇത് എസ് പി ആഭ്യന്തര വകുപ്പിന് കൈമാറി. പ്രതിക്ക് തീവ്രവാദ ബന്ധം ഉണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരു.