കോഴിക്കോട്: നിപ വൈറസ് ബാധ മൂലമുള്ള മരണങ്ങൾ, ഒട്ടേറെപ്പേർ നിരീക്ഷണത്തിലായ സാഹചര്യം എന്നിവയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി കോഴിക്കോട് ജില്ലാ ഭരണകൂടം. കണ്ടെയ്ൻമെന്റ് സോണിലെ ആരാധനാലയങ്ങളിൽ അടക്കം ജനങ്ങളുടെ കൂടിച്ചേരലുകൾ കർശനമായി വിലക്കി. കൺടെയ്ൻമെന്റ് സോണിലെ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാനും നിർദേശം.
ബീച്ചുകളിലും പാർക്കുകളിലും ഷോപ്പിങ് മാളുകളിലും നിയന്ത്രണമുണ്ട്. ജില്ലയിൽ കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തിവച്ചു. പൊതുപരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ. ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. രോഗിക്കൊപ്പം ഒരാൾക്കു മാത്രം കൂട്ടിരിക്കാം. പൊതുയോഗങ്ങൾ, വിവാഹം അടക്കം പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികൾ എന്നിവ മാറ്റിവയ്ക്കണമെന്നും കലക്റ്റർ നിർദേശിച്ചു.
നിപ പ്രതിരോധത്തോടനുബന്ധിച്ച് സർവകക്ഷി യോഗം ഇന്നു രാവിലെ 11ന് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടക്കും. രോഗബാധിത പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും പങ്കെടുക്കും.
മറ്റു നിർദേശങ്ങൾ
- കണ്ടെയ്ൻമെന്റ് സോണിലെ സർക്കാർ ഓഫിസ് ജീവനക്കാർക്ക് മേലധികാരികൾ വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കണം. കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്നവർക്കും മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കുമാകും വർക്ക് ഫ്രം ഹോമിന് അർഹത.
- പ്രദേശങ്ങളിൽ നിയന്ത്രിതമായ രീതിയിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം ഉപയോഗിക്കാം. ഇവർക്ക് തിരിച്ചറിയൽ കാർഡ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽനിന്ന് ലഭ്യമാക്കും. ഇതിനായി സന്നദ്ധ പ്രവർത്തകരുടെ വിവരങ്ങൾ ബന്ധപ്പെട്ട പഞ്ചായത്ത് കൈമാറണം.
- പ്രദേശത്തെ പൊതുപാർക്കുകൾ, ബീച്ചുകൾ എന്നിവടങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.
- മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണവും ബോധവത്കരണവും ശക്തമാക്കും. പന്നി ഫാമുകൾ, വവ്വാലുകൾ താവളമാക്കുന്ന കെട്ടിടങ്ങൾ, പ്രദേശങ്ങള് എന്നിവ കർശനമായി പരിശോധിക്കും.
- വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ പൊതുജനങ്ങൾ പ്രവേശിക്കുന്നതും വളർത്തുമൃഗങ്ങളെ മേയാൻ വിടുന്നതും കർശനമായി തടയും.
- പന്നി വളർത്തുകേന്ദ്രങ്ങളിൽ പന്നികൾക്ക് രോഗ ലക്ഷണങ്ങൾ കാണുകയോ, അസാധാരണമായി മരണ നിരക്ക് ഉയരുകയോ ചെയ്താൽ മൃഗാശുപത്രികളിൽ അടിയന്തിരമായി റിപ്പോർട്ട് ചെയ്യണം.
- വവ്വാലുകളും കാട്ടുപന്നികളും ഉൾപ്പെടെയുള്ള വന്യജീവികളുടെ ജഡം ഒരു കാരണവശാലും സ്പർശിക്കാൻ പാടില്ല.