വിവാദം കത്തിച്ചുവിടണം എന്നതായിരുന്നു ഇ പി ജയരാജന്റെ ആവശ്യം, കെസി വേണുഗോപാലിന്റെ പേര് കൂട്ടിച്ചേര്‍ക്കാനും അടൂര്‍ പ്രകാശിന്റെ പേര് ഒഴിവാക്കാനും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു,അഡ്വ. ഫെനി പറയുന്നു

Advertisement

തിരുവല്ല. തന്നെ പരിചയമില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ വാദം കളവെന്ന് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ മൂന്‍ അഭിഭാഷകന്‍ അഡ്വ.ഫെനി ബാലകൃഷ്ണന്‍.

പരാതിക്കാരിയുടെ കത്ത് തന്റെ പക്കലുണ്ടെന്ന് അറിഞ്ഞ് പ്രദീപ് എന്നയാള്‍ വഴിയാണ് ഇ.പി ജയരാജന്‍ തന്നെ കാണാന്‍ വിളിപ്പിച്ചത്. വീട്ടില്‍ നിന്നും കൊല്ലം ഗസ്റ്റ് ഹൗസിലേക്കാണ് തന്നെ കൂട്ടിക്കൊണ്ടുപോയത്. വെള്ളനിറമുള്ള ഫോര്‍ച്യൂണറില്‍ ആണ് ഇ.പി ജയരാജന്‍ വന്നത്. നങ്ങ്യാകുളങ്ങരയില്‍ വച്ച് ഇ.പിയുടെ കാറില്‍ കയറി. കൊല്ലം ഗസ്റ്റ് ഹൗസില്‍ പോയി സംസാരിച്ചു. ഒരു തവണയെ നേരില്‍ കണ്ടുള്ളൂ. ഫോണില്‍ പല തവണ സംസാരിച്ചിട്ടുണ്ടെന്നും തിരുവല്ലയിലെ വീട്ടില്‍വച്ച് അഡ്വ.ഫെനി മാധ്യമങ്ങളോട് പറഞ്ഞു.

വിവാദം കത്തിച്ചുവിടണം എന്നതായിരുന്നു ഇ.പി ജയരാജന്റെ ‘ആവശ്യം. അതിനുള്ള കാര്യങ്ങള്‍ ചെയ്തു തരാം. തെളിവുകള്‍ ഏല്പിക്കണമെന്ന് പറഞ്ഞു. എന്നാല്‍ പരാതിക്കാരിയോട് ചോദിക്കണമെന്ന് താന്‍ മറുപടി നല്‍കി. തുടര്‍ന്ന് മടങ്ങിപ്പോന്നു. കൊണ്ടുപോയവര്‍ തന്നെ വീട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തു.

എന്നാല്‍ ഇ.പി ജയരാജനുമായുള്ള കത്ത് പങ്കുവയ്ക്കാന്‍ പരാതിക്കാരി താല്‍പര്യപ്പെട്ടിരുന്നില്ല. ഇക്കാര്യം താന്‍ ഇ.പിയെ അറിയിച്ചുവെന്നും ഫെനി പറയുന്നു. ഇ.പിയുടെ ഇടപെടലിനെ കുറിച്ച് ശിവരാജന്‍ കമ്മീഷനിലും സിബിഐയോടും പറഞ്ഞിട്ടുണ്ട്.

വെള്ളാപ്പള്ളി നടേശന്റെ വെളിപ്പെടുത്തല്‍ പുതിയ കാര്യമല്ല. നടേശന്റെ ആളുകള്‍ ഹൈക്കോടതിയില്‍ വച്ച് തന്നെ കണ്ടിരുന്നു. പിന്നീട് അദ്ദേഹം വിളിച്ച് കെ.സി വേണുഗോപാല്‍ അടൂര്‍ പ്രകാശ് എന്നിവരുടെ പേരുകള്‍ കത്തിലുണ്ടോ എന്ന് ആരാഞ്ഞു. എന്നാല്‍ വെളിപ്പെടുത്താന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ കെ.സി വേണുഗോപാലിന്റെ പേര് കൂട്ടിച്ചേര്‍ക്കാനും അടൂര്‍ പ്രകാശിന്റെ പേര് ഒഴിവാക്കാനും ആവശ്യപ്പെട്ടിരുന്നു. അതിനോട് താന്‍ പ്രതികരിക്കാതെ വന്നതോടെയാണ് അദ്ദേഹം പത്രസമ്മേളനം വിളിച്ച് താന്‍ പറഞ്ഞുവെന്ന് പറഞ്ഞ് ചില പേരുകള്‍ വിളിച്ചുപറഞ്ഞത്.

കോയമ്ബത്തുര്‍ക്ക് തേടി പോയ സിഡി തന്റെ പക്കലുണ്ട്. അതിന്റെ ഉള്ളടക്കം താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വെളിപ്പെടുത്തില്ല. ആ സിഡി അടക്കമുള്ള സാധനങ്ങള്‍ പരാതിക്കാരിയുടെ വ്യക്തിപരമായ വസ്തുവകകളാണ്. അത് കേസില്‍ ഉള്‍പ്പെട്ട സാധനങ്ങളല്ല. പരാതിക്കാരിക്ക് അത് തിരിച്ചുകൊടുക്കില്ല. അവര്‍ക്ക് തിരിച്ചുവേണമെങ്കില്‍ അതിന് കേസുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കി കോടതിയെ സമീപിക്കട്ടെ. ഇനി ആ രേഖകള്‍ വച്ച് ആരെയും ബ്ലാക് മെയില്‍ ചെയ്യാന്‍ അനുവദിക്കില്ല.

ദല്ലാള്‍ നന്ദകുമാര്‍ അന്നൊന്നും ചിത്രത്തിലില്ല. നന്ദകുമാര്‍ ഇപ്പോഴാണ് വരുന്നത്. അയാളെ ആരാണ് കൊണ്ടുവന്നതെന്നറിയാം.

പരാതിക്കാരിയുടെ 21 പേജുള്ള പെറ്റീഷന്‍ ഡ്രാഫ്റ്റ് താന്‍ വാങ്ങിയത് പത്തനംതിട്ട സബ് കോടതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ കൊട്ടാരക്കര കോടതി തന്റെ മൊഴി രേഖപ്പെടുത്തിയതാണെന്നും കേസില്‍ വിസ്താരം 25ന് നടക്കുമെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞൂ

Advertisement