‘അലൻസിയറിന്റെ പ്രതികരണം നിർഭാഗ്യകരം; മനസ്സിൽ അടിഞ്ഞുകൂടിയ പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണം’

Advertisement

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നടൻ അലൻസിയർ പറഞ്ഞ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി ആർ.ബിന്ദു. അലൻസിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണെന്നും ഒരിക്കലും അത്തരം ഒരു വേദിയിൽ നടത്താൻ പാടില്ലാത്ത പരാമർശമായിരുന്നെന്നും മന്ത്രി പറഞ്ഞു.

‘‘അത്തരമൊരു പ്രതികരണം നിർഭാഗ്യകരമായിപ്പോയി. അതുപോലൊരു വേദിയിൽവച്ച് അത്തരമൊരു പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നു. ഇത്തരം മനസ്സുകളിൽ അടിഞ്ഞുകൂടി കിടക്കുന്ന പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണത്. അത് ഒഴിവാക്കേണ്ടതായിരുന്നു. നിരന്തര ബോധവത്കരണത്തിലൂടെ മാത്രമേ അതു മാറ്റിയെടുക്കാൻ സാധിക്കൂ’’– മന്ത്രി ബിന്ദു പറഞ്ഞു.

പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു അലൻസിയറുടെ പരാമർശം. ആൺകരുത്തുള്ള പ്രതിമ കിട്ടുമ്പോൾ അഭിനയം നിർത്തുമെന്നു പറഞ്ഞ അദ്ദേഹം, സ്പെഷൽ ജൂറി അവാർഡിനെയും വിമർശിച്ചിരുന്നു. ഈ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്ന്, ഇന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.

Advertisement