പതിവ് രീതിയിൽ നിന്ന് മാറ്റം, കുറുമ്പുമായി പടയപ്പ, ഇത്തവണ ടാർഗറ്റ് റേഷൻ കടയിലെ അരി

Advertisement

മൂന്നാർ: പതിവ് രീതിയിൽ നിന്ന് മാറി ജനവാസ മേഖലയിലിറങ്ങി പരാക്രമം കാണിച്ച് ഒറ്റയാൻ പടയപ്പ. മൂന്നാർ ലാക്കാട് എസ്റ്റേറ്റിലാണ് പടയപ്പ ഇറങ്ങിയത്.

വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയ പടയപ്പ ലയങ്ങളുടെ സമീപത്ത് എത്തി റേഷൻ കട ആക്രമിച്ചു. അരി ചാക്കുകൾ വലിച്ചു പുറത്തിട്ട പടയപ്പയെ നാട്ടുകാരാണ് വിരട്ടിയോടിച്ചത്. പാമ്പൻമല ഭാഗത്തെ വിളയാട്ടത്തിന് പിന്നാലെ തിരികെ മൂന്നാർ ഭാഗത്തേക്ക് നടന്ന് തുടങ്ങിയ പടയപ്പ നേരത്തെ പ്രധാന പാതകളിൽ എത്തി ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നതായിരുന്നു പതിവ്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് മൂന്നാർ ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിലെ റോഡിലിറങ്ങിയാണ് ഒടുവിലായി ഒറ്റയാൻ പടയപ്പ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത്. ഒന്നര മാസത്തിനുശേഷമായിരുന്നു പടയപ്പയുടെ ഈ വികൃതി. ഒറ്റനോട്ടത്തിൽ ഉപദ്രവകാരിയല്ലെങ്കിലും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. മറയൂരിന് സമീപം ജനവാസ മേഖലയിൽ ഒന്നര മാസത്തോളം കഴിഞ്ഞ ശേഷമാണ് പടയപ്പയുടെ മുന്നാറിലേക്കുള്ള മടക്കം. ഏതാനും ദിവസങ്ങളായി പെരിയവര എസ്റ്റേറ്റിന് സമീപം മുന്നാർ ഉദുമൽപേട്ട് സംസ്ഥാന പാതക്കരികെയുണ്ട് ഈ ഒറ്റയാൻ. വനം വകുപ്പിന്റെ ആർ ആർട്ടി സംഘം പടയപ്പയെ നിരീക്ഷിക്കുന്നുണ്ട്.

ദേശീയ പാതയിലേക്കിറങ്ങുന്നത് തടയുകയാണ് ഇവരുടെ പ്രധാന കടമ. ആന ഉപദ്രവിക്കാറില്ലെങ്കിലും മുന്നിൽ പെടാതെ ശ്രദ്ധിക്കണമെന്നാണ് പ്രദേശവാസികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഓഗസ്റ്റ് ആദ്യ വാരത്തിൽ തലയാർ, പാമ്പൻ മല മേഖലയെ പടയപ്പ വിറപ്പിച്ചിരുന്നു. വാഗുവരൈ ഫാക്ടറി ഡിവിഷനിലെ ലയങ്ങൾക്ക് മുന്നിലൂടെ നടന്ന് നാട്ടുകാരെ ഭയപ്പെടുത്തിയ പടയപ്പ പരിസരത്തെ കൃഷിയിടത്തിലെ വാഴകൾ പിഴുത് നശിപ്പിച്ചിരുന്നു.

Advertisement