‘പൂത്തുമ്പി പാറും’ മുൻപ് പൊട്ടിത്തെറിച്ച് മൈക്ക്, ഒഴിവായത് വൻ അപകടം, മുന്നറിയിപ്പ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Advertisement

കല്ലടിക്കോട്: ‘പാറിപ്പറക്കും പൂന്തുമ്പി’ക്ക് അകമ്പടിയായിരുന്ന മൈക്ക് പൊട്ടിത്തെറിച്ചത് നിമിഷ നേരം കൊണ്ട്. കല്ലടിക്കോട് ഒഴിവായത് വൻ ദുരന്തം.

ഇലക്ട്രോണിക് ഉപകണങ്ങൾ ചാർജ് ചെയ്ത് കൊണ്ട് ഉപയോഗിക്കുന്നതിൽ കാണിക്കുന്ന അലസ മനോഭാവം മുന്നോട്ട് വക്കുന്നത് വലിയ അപകടങ്ങളാണ്. ചാർജ് ചെയ്തുകൊണ്ടിരിക്കുന്ന മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ച് വലിയ അപകടങ്ങൾ ഇതിന് മുൻപ് സംസ്ഥാനത്തുണ്ടായിട്ടുണ്ട്. കല്ലടിക്കോട് ആറു വയസുകാരിക്ക് പരിക്കേറ്റതും ഇത്തരമൊരു അശ്രദ്ധയുടെ ഫലമായാണ്.

പാലക്കാട് കല്ലടിക്കോട് സ്വദേശി ഫിൻസ ഐറിൻ എന്ന ആറു വയസു കാരിക്കാണ് ഞായറാഴ്ച കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ​ഗൗരവമുള്ളതല്ല. ചാർജ് ചെയ്തുകൊണ്ടിരിക്കുന്ന കരോക്കെ മൈക്ക് ഉപയോഗിച്ച് കുട്ടി പാട്ടുപാടുന്ന ദൃശ്യങ്ങളും പെട്ടന്ന് കരോക്കെ നിലയ്ക്കുന്നതും പിന്നാലെ പൊട്ടിത്തെറിക്കുന്നതുമാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്.

സംഭവത്തേക്കുറിച്ച് ഫിൻസയുടെ പിതാവ് കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബു പ്രതികരിക്കുന്നത് ഇപ്രകാരമാണ്. പാട്ടുപാടിക്കൊണ്ടിരിക്കുമ്പോ മൈക്ക് സ്റ്റക്കായി. പിടിക്കാൻ നോക്കുമ്പോഴേയ്ക്കും മൈക്ക് പൊട്ടിത്തെറിച്ചു. ഭയന്നു പോയി, കുഞ്ഞ് നിലത്തും വീണു. കുഞ്ഞിന്റെ മുഖത്ത് മൈക്ക് പൊട്ടി കറുത്ത പൊടിയായിരുന്നു. ചുണ്ട് പൊട്ടി ചോര വന്നു. ഭീകരമായ അവസ്ഥയായിരുന്നു. നിലവാരം കുറഞ്ഞ ഉപകരണം ആയിരുന്നു. ഇതിന് പുറമേ തനിക്ക് പറ്റിയ അബദ്ധം എന്താണെന്ന് വച്ചാൽ ചാർജിന് ഇട്ട് ഉപയോഗിക്കുകയായിരുന്നു. ഇങ്ങനത്തെ ഒന്ന് വാങ്ങാനേ പാടില്ലാരുന്നു. കുറച്ച് കൂടി ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതായിരുന്നു.

പൊട്ടിത്തെറിയിൽ ഭയന്നെങ്കിലും സംഭവത്തേക്കുറിച്ച് ആറുവയസുകാരിയുടെ പ്രതികരണം ഇപ്രകാരമാണ്. കരോക്കെ മൈക്കില് പാടിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് പൊട്ടിത്തെറിച്ച്. മുഖത്തൊക്കെ കറുപ്പ് നിറമായി. ചുണ്ട് പൊട്ടി ചോരയായി. തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തമാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും സംഭവിച്ചതിൻറെ ആഘാതത്തിൽ നിന്ന് പതിയെ പുറത്ത് വന്നിട്ടുണ്ട് ഈ ആറു വയസുകാരി.

ഓൺലൈനിൽ വാങ്ങിയ 600 രൂപ വിലയുളള മൈക്കാണ് പൊട്ടിത്തെറിച്ചത്. കുട്ടി സ്വയം റെക്കോർഡ് ചെയ്ത വീഡിയോയിൽ മൈക്ക് പൊട്ടിത്തെറിക്കുന്നത് കൃത്യമായി കാണുന്നുണ്ട്. മൈക്ക് കുട്ടി ചാർജ്ജിലിട്ടാണ് ഉപയോ​ഗിച്ചത്. ചാർജ്ജിലിട്ട് കുട്ടി പാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയൊരു ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. ഒരു വീട്ടിൽ വലിയൊരു ദുരന്തമുണ്ടാക്കാൻ നമ്മൾ നിത്യവും ഉപയോഗിക്കുന്ന ഈ ചെറിയൊരു ഉപകരണം മതിയെന്നതിന് ഇതിൽക്കൂടുതൽ തെളിവുകൾ ആവശ്യമില്ല. ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വലിയൊരു പരിധി വരെ മൊബൈൽ ചാർജർ അടക്കം ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുള്ള അപകടങ്ങൾ ഒഴിവാക്കാൻ നമുക്ക് കഴിയും. അത്തരത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.

ചാർജറിൽ നിന്നുള്ള അപകടങ്ങൾ സംഭവിക്കുന്നത് പ്രധാനമായും ഉപയോഗത്തിന് ശേഷം സ്വിച്ച് ഓഫ് ചെയ്യാത്തതും പ്ലഗ് ഊരി മാറ്റാത്തതും ആണ്. ഇക്കാര്യത്തിന് ആദ്യം തന്നെ പ്രാധാന്യം നൽകുക. ആവശ്യം കഴിഞ്ഞാൽ ഉടനെ തന്നെ ചാർജറിൽ നിന്ന് വൈദ്യുതി ബന്ധം വിഛേദിക്കുക.

അധികസമയം ചാർജിൽ ഇടരുത്. ചാർജ് ആയി എന്ന് കണ്ടാൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണവും ഊരിമാറ്റുക. ചാർജറും വൈദ്യുതി ബന്ധത്തിൽ നിന്ന് വിഛേദിക്കുക. പലരും ചാർജ് ചെയ്യാനിട്ട ശേഷം ആ ഭാഗത്തേക്കേ തിരിഞ്ഞു നോക്കാതിരിക്കാറുണ്ട്.

ഫോണിൻറെ കൂടെ കിട്ടുന്ന ചാർജർ കേടായാൽ പിന്നെ വില കുറഞ്ഞ ചാർജറേ വാങ്ങുകയുള്ളൂ. ഇത് പെട്ടെന്ന് ചീത്തയാവുകയും ചെയ്യും. ഇങ്ങനെ മൊബൈൽ ചാർജർ പോലുള്ള ഉപകരണങ്ങളുടെ കാര്യത്തിൽ പിശുക്ക് കാണിക്കാതിരിക്കുക. സാമാന്യം നിലവാരമുള്ള ചാർജർ തന്നെ എപ്പോഴും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ചില ചാർജറുകൾ നിലവാരമുള്ളതാണെങ്കിലും പിന്നീട് ഉപയോഗശേഷം പഴകുന്നതിന് പിന്നാലെ പല കേടുപാടുകളും സംഭവിക്കാറുണ്ട്. ചാർജർ പെട്ടെന്ന് ചൂടായിപ്പോകുന്നത് ഇത്തരമൊരു തകരാറാണ്. ചാർജർ പെട്ടെന്ന് ചൂടാകുന്നുണ്ടെങ്കിൽ തീർച്ചയായും ആ ചാർജർ ഒഴിവാക്കി പുതിയത് വാങ്ങിക്കുക. ഇത് നിർബന്ധമായും ചെയ്യണം.

ചാർജർ ചൂടാകുന്നത് പോലെ തന്നെ അതിൻറെ കേബിളിന് പുറത്തുള്ള ഭാഗം പൊട്ടിയോ മറ്റെന്തെങ്കിലും സംഭവിച്ചോ അകത്തുള്ള കമ്പികൾ പുറത്തുകാണുംവിധത്തിലേക്ക് എത്തിയ ചാർജറുകളും ഉടനടി ഒഴിവാക്കണം. കേബിൾ പൊട്ടിയ ചാർജറുകൾ ഒരു സാഹചര്യത്തിലും ഉപയോഗിക്കാതിരിക്കുക. കാരണം ഇതിൽ നിന്നാണ് കറണ്ടടിക്കാൻ ഏറ്റവുമധികം സാധ്യതയുള്ളത്.

ഫോൺ ചാർജിലിടുന്ന സ്ഥലം നനവുള്ളതായിരിക്കരുത്. ഇങ്ങനെയും അപകടങ്ങൾ സംഭവിച്ചിട്ടുള്ളതാണ്. കറണ്ടിൽ കണക്ട് ചെയ്തിട്ടുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ നമ്മുടെ കാലുകളിൽ നനവുള്ളതോ, നിൽക്കുന്ന ഭാഗങ്ങളിൽ നനവുള്ളതോ എല്ലാം ഷോക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

മൊബൈൽ ചാർജറിൽ നിന്നോ, അല്ലെങ്കിൽ ഏതെങ്കിലും ഉപകരണങ്ങളിൽ നിന്നോ ഷോക്ക് വരുന്നുവെങ്കിൽ ഇത് നിസാരമായി തള്ളിക്കളയാതെ എന്താണ് പ്രശ്നമെന്ന് കണ്ടെത്തണം. അത് കണ്ടെത്താൻ നിങ്ങൾക്ക് കഴിയാത്തപക്ഷം അറിവുള്ളവരെ വിളിച്ചുവരുത്ത് പരിശോധിപ്പിച്ച് പ്രശ്നം കണ്ടെത്തി, അത് പരിഹരിക്കണം. ഇക്കാര്യങ്ങളിലൊന്നും ഒരിക്കലും മടി കാണിക്കാതിരിക്കുക.

Advertisement