നാടാകെ വിരല്‍ ചൂണ്ടിനില്‍ക്കുമ്പോള്‍ ഗണേഷ്കുമാറിനെ സിപിഎം മന്ത്രിയാക്കുമോ

Advertisement

തിരുവനന്തപുരം.സോളാര്‍ കേസില്‍ സിബിഐ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് കെ.ബി.ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനത്തെ ചര്‍ച്ചയാക്കുന്നത്. ഗൂഢാലോചനയുടെ പ്രതിസ്ഥാനത്ത് പ്രതിപക്ഷം ആരോപിക്കുന്ന ഗണേഷിനെ മന്ത്രിയാക്കിയാല്‍ അവരുടെ സമീപനം എന്താവും എന്നതു പ്രധാനമാണ്. എന്നാല്‍ ഗണേഷിന് മന്ത്രിയാകാന്‍ യാതൊരു തടസവുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

രണ്ടര വര്‍ഷം കഴിയുമ്പോഴുള്ള കെബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നേരത്തേയുള്ള എല്‍ഡിഎഫ് ധാരണയാണ്. സോളാറില്‍ സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പായിരുന്നെങ്കില്‍ അതൊരു ചര്‍ച്ച പോലും ആകില്ലായിരുന്നു. എന്നാല്‍ പ്രതിപക്ഷം ഒന്നടങ്കം കെ.ബി.ഗണേഷ് കുമാറിനെതിരെ തിരിഞ്ഞിരിക്കുന്ന വേളയിലാണ് മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചകള്‍. ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയുടെ സൂത്രധാരന്‍ ഗണേഷാണെന്നാണ് ഫെനി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഗണേഷിനെ മന്ത്രിസഭയിലേക്ക് എടുക്കരുതെന്ന ആവശ്യവുമായി വെള്ളപ്പാള്ളി നടേശന്‍ വരെ രംഗത്തെത്തി.

എന്നാല്‍ ഇതൊന്നും മുഖവിലക്ക് എടുക്കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. ഇ.പി.ജയരാജന്റെ പ്രതികരണത്തില്‍ തന്നെ അതു വ്യക്തവുമാണ്. നിയമസഭയില്‍ കെ.ബി.ഗണേഷ് കുമാര്‍ നല്‍കിയ വിശദീകരണത്തില്‍ പ്രതിപക്ഷം തൃപ്തരല്ല. മന്ത്രിയാക്കിയാല്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് അവര്‍ തുനിഞ്ഞേക്കും. മാത്രമല്ല, ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിച്ഛായ നഷ്ടമാക്കിയേക്കുമെന്നും സിപിഎമ്മിലെ ഒരു വിഭാഗം കരുതുന്നുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത ആഴ്ച ചേരുന്ന സിപിഎം നേതൃയോഗങ്ങളായിരിക്കും ഗണേഷ് കുമാറിന് നിര്‍ണായകം.

Advertisement