മലയാളി വിദ്യാർഥികൾക്ക് നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ്: ഐജിഎൻടിയു ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി ബിന്ദു

Advertisement

തിരുവനന്തപുരം: മലയാളി വിദ്യാർത്ഥികൾക്ക് നിപ്പ നെഗറ്റീവ് റിപ്പോർട്ട് വേണമെന്ന ട്രൈബൽ യൂണിവേഴ്സിറ്റിയുടെ ഉത്തരവ് പിൻവലിക്കും. ഉത്തരവ് പിൻവലിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. ട്രൈബൽ യൂണിവേഴ്സിറ്റി അധികൃതരുമായി നടത്തിയ ആശയവിനിമയത്തിലാണ് തീരുമാനം.

മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ ട്രൈബൽ യൂണിവേഴ്സിറ്റിയുടെ ഉത്തരവിൽ കേരളത്തിനുള്ള ആശങ്ക മന്ത്രി അറിയിക്കുകയും ചെയ്തു. കേരളത്തിൽ കോഴിക്കോട് ജില്ലയിലെ ചെറിയൊരു ഭാഗത്തല്ലാതെ എവിടെയും നിപ്പ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ പ്രദേശത്തുനിന്ന് ട്രൈബൽ സർവകലാശാലയിൽ പഠിക്കുന്നവർ ഇല്ല. അവിടം കൺടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

സർവകലാശാല പുറത്തിറക്കിയ ഉത്തരവ് അവിടെ ക്യാംപസിലെ പഠിതാക്കളിൽ അനാവശ്യ ഭീതിയുണർത്താനും കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ ഉപരിപഠന സാധ്യതയെ ബാധിക്കാനുമേ ഉപകരിക്കൂ. റിപ്പോർട്ട് വേണമെന്ന നിർദേശം രോഗബാധിത പ്രദേശത്തും ചുറ്റുഭാഗങ്ങളിലുമുള്ളവർക്കല്ലാതെ ബാധകമാക്കരുതെന്നും മന്ത്രി മെയിലിൽ ആവശ്യപ്പെട്ടു.

സർവകലാശാലയിൽ പ്രവേശിക്കണമെങ്കിൽ നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് അമർഖണ്ഡയിലെ ഐജിഎൻടിയു സർവകലാശാലായുടെ ഭരണാധികാര ചുമതലയുള്ള പ്രഫ.എം.ടി.വി.നാഗരാജു പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞത്. സർവകലാശാലയിലെ വിവിധ യുജി,പിജി കോഴ്സുകളിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന ഓപ്പൺ കൗൺസിലിങ്ങിൽ പങ്കെടുക്കാനായി പോയ വിദ്യാർഥികളെ ഈ ഉത്തരവ് വലച്ചിരുന്നു. ഇന്നലെയാണ് സർക്കുലർ വിദ്യാർഥികൾക്ക് ലഭിക്കുന്നത്.

ഇതു സംബന്ധിച്ച് നിപ്പ സെല്ലിൽ ബന്ധപ്പെട്ടെങ്കിലും ഇത്തരത്തിൽ ഒരു സർട്ടിഫിക്കറ്റ് ഇല്ലെന്ന മറുപടിയാണ് ഇവിടെനിന്ന് ലഭിച്ചതെന്നും വിദ്യാർഥികൾ പറഞ്ഞിരുന്നു. കൗൺസിലിങ്ങിന് പോയവർക്കു പുറമേ സെമസ്റ്റർ അവധി കഴിഞ്ഞ് തിരികെ പോയ വിദ്യാർഥികളും ഈ ഉത്തരവു കാരണം പ്രശ്നത്തിലായിരുന്നു.