കോഴിക്കോട്. ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലും നിയന്ത്രണം ശക്തമാക്കി. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരാഴ്ച കൂടി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പരിശോധന വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
കോർപ്പറേഷൻ പരിധിയിലെ ചെറുവണ്ണൂർ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ചെറുവണ്ണൂർ മേഖലയിലെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ 9 പഞ്ചായത്തുകൾക്കൊപ്പം കോർപറേഷൻ പരിധിയും കണ്ടൈൻമെന്റ് സോണുകളായി. യുവാവിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി. നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരാഴ്ച കൂടി ഓൺലൈൻ ക്ലാസുകൾ മാത്രമേ പാടുള്ളൂവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
ആദ്യം മരിച്ച മുഹമ്മദിന്റെ പരിശോധനാ ഫലം പോസിറ്റീവ് എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ വ്യക്തിയുമായി മറ്റു ജില്ലകളിലുള്ളവർക്കും സമ്പർക്കമുണ്ട്. ആകെ 1080 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ 225 പേർ ഹൈ റിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. 327 ആരോഗ്യ പ്രവർത്തകരും സമ്പർക്ക പട്ടികയിൽ ഉൾപെടുന്നു . ചികിത്സയിൽ കഴിയുന്ന 4 പേരിൽ 9 വയസുകാരന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.