സ്കൂൾ മാനേജ്മെൻ്റിനെതിരെ വിജിലൻസിൽ പരാതി നൽകിയ അധ്യാപകനെ വ്യാജ പോക്സോ കേസിൽ കുടുക്കി

Advertisement

കണ്ണൂർ.സ്കൂൾ മാനേജ്മെൻ്റിനെതിരെ വിജിലൻസിൽ പരാതി നൽകിയ അധ്യാപകനെ വ്യാജ പോക്സോ കേസിൽ കുടുക്കിയെന്ന് കണ്ടെത്തൽ. കടമ്പൂർ ഹൈസ്കൂൾ അധ്യാപകൻ പി ജി സുധിക്കെതിരായ പരാതി വ്യാജമെന്നാണ് പോലീസ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഗൂഢാലോചനക്ക് നേതൃത്വം നൽകിയ പ്രധാന അധ്യാപകനും സഹപ്രവർത്തകനും അടക്കം 4 പേർക്കെതിരെ എടക്കാട് പോലീസ് സ്വമേധയാ കേസെടുത്തു.

പക വീട്ടാൻ വ്യാജ പോക്സോ കേസ്.കണ്ണൂർ കടമ്പൂരിൽ സ്കൂൾ അധ്യാപകനെ വ്യാജ പരാതി നൽകി പോക്സോ കേസിൽ കുടുക്കി.കോഴിക്കോട് മൊകേരി സ്വദേശി സുധി പി ജി നിരപരാധിയെന്ന് കണ്ടെത്തൽ. സുധിക്കെതിരെ എടുത്തത് കള്ളക്കേസെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട് വന്നു.

വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം ആരോപിച്ചായിരുന്നു പരാതി. വ്യാജ പരാതി നൽകിയവർക്കെതിരെ പോലീസ് കേസെടുത്തു.

കണ്ണൂരിലെ കടമ്പൂർ ഹൈസ്കൂളിൽ സാമൂഹ്യ ശാസ്ത്ര അധ്യാപകനാണ് പി ജി സുധി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സുധിക്കെതിരെ എടക്കാട് പോലീസിൽ ലൈംഗിക അതിക്രമ പരാതി ലഭിച്ചത്. സ്കൂളിലെ വിദ്യാർത്ഥിനികളോട് ലൈംഗിക താത്പര്യത്തോടെ ഇടപെട്ടുവെന്നായിരുന്നു പരാതി. പോലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. എന്നാൽ പോലീസ് അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. പിന്നൊലെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. വീണ്ടും അന്വേഷണം. അധ്യാപകനെ ആസൂത്രിതമായി കുടുക്കിയതെന്ന് കണ്ടത്തി. പരാതി വ്യാജമെന്ന് വ്യക്തമായതോടെ ഗൂഢാലോചന നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. സ്കൂളിലെ പ്രധാന അധ്യാപകൻ സുധാകരൻ മഠത്തിൽ,സഹഅധ്യാപകൻ സജി, പി ടി എ പ്രസിഡൻ്റ് രഞ്ജിത് ,പരാതിക്കാരിയുടെ മാതാവ് എന്നിവര്‍ക്കെതിരെയാണ് കേസ്.

സ്കൂൾ മാനേജ്മെന്റിനെതിരെ പരാതി നൽകിയതിന് പക വീട്ടാൻ ഗൂഢാലോചന നടന്നുവെന്ന് അധ്യാപകൻ.പോലീസ് അന്വേഷണത്തിൽ വസ്തുത വെളിവായെങ്കിലും സസ്പെൻഷനിൽ കഴിയുന്ന അധ്യാപകന് പരിപൂർണ്ണ നീതി ലഭിച്ചിട്ടില്ലെന്നാണ് ആരോപണം.