തൊഴുത്ത് മാറ്റിക്കെട്ടിയതുകൊണ്ട് മച്ചിപ്പശു പ്രസവിക്കില്ല’: മന്ത്രിസഭാ പുനഃസംഘടനയിൽ മുരളീധരൻ

Advertisement

കൊച്ചി: ഇടതുമുന്നണി മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, രൂക്ഷ പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി. തൊഴുത്തു മാറ്റിക്കെട്ടിയതുകൊണ്ട് മച്ചിപ്പശു പ്രസവിക്കില്ലെന്ന് മുരളീധരൻ പരിഹസിച്ചു.

മന്ത്രിമാരെ മാറ്റുന്ന കാര്യത്തിൽ മുന്നണി തീരുമാനമെടുക്കട്ടെ. പക്ഷേ, സ്പീക്കറെ ഇടയ്ക്കിടെ മാറ്റുന്ന രീതിയോടു യോജിക്കാനാകില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. മുൻപ് യുഡിഎഫ് ഭരണത്തിലിരുന്നപ്പോഴും ഇതു സംഭവിച്ചിട്ടുണ്ട്. എംഎൽഎമാർ വോട്ടു ചെയ്ത് തിരഞ്ഞെടുക്കുന്ന സ്പീക്കറെ ഇടയ്ക്കിടെ മാറ്റുന്നതു ശരിയല്ല. റിപ്പോർട്ടുകൾ‌ ശരിയെങ്കിലും രണ്ടാം പിണറായി സർക്കാരിൽ മൂന്നാമത്തെ സ്പീക്കറെയാണ് തിരഞ്ഞെടുക്കാൻ പോകുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

‘‘ഇത് മുൻപും ഒന്നുരണ്ട് തവണ ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ കാലത്തും സംഭവിച്ചിട്ടുണ്ട്. പക്ഷേ, ആ രീതിയോടു യോജിക്കുന്ന ഒരാളല്ല ഞാൻ. അന്നും ഞാൻ എന്റെ വിയോജിപ്പ് പറഞ്ഞിട്ടുണ്ട്. ഈ പറയുന്നതുപോലെ സ്പീക്കറെ മാറ്റുമെങ്കിൽ, മൂന്നാമത്തെ സ്പീക്കറെയാണ് തിരഞ്ഞെടുക്കാൻ പോകുന്നത്. ഇതു മന്ത്രിസഭ പോലെയല്ല. എംഎൽഎമാർ വോട്ടു ചെയ്താണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നത്.

മുൻപ് വി.എസ്. അച്യുതാനന്ദൻ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്പീക്കറായിരുന്ന കാർത്തികേയനെ കെപിസിസി പ്രസിഡന്റാക്കാൻ നോക്കിയപ്പോഴായിരുന്നു അത്. സ്പീക്കർ എന്നത് നിഷ്പക്ഷമായിട്ടുള്ള ഒരു പദവിയാണ്. അതിനെ ഇത്തരത്തിൽ രാഷ്ട്രീയമാക്കി മാറ്റുന്നതു ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കും അതു തന്നെയാണ് പറയാനുള്ളത്. ബാക്കി കാര്യങ്ങൾ അവർ തീരുമാനിച്ചോട്ടെ. മാറ്റുകയോ മാറ്റാതിരിക്കുകയോ ചെയ്യുന്നത് അവരുടെ കാര്യം. പക്ഷേ, ഞാൻ രണ്ടു കാര്യങ്ങൾ പറയുന്നു. ഒന്ന് മുഖം കൂടുതൽ വികൃതമാകും. രണ്ട്, തൊഴുത്തു മാറ്റിക്കെട്ടിയതുകൊണ്ട് മച്ചിപ്പശു പ്രസവിക്കാൻ പോകുന്നില്ല’’ – മുരളീധരൻ പറഞ്ഞു.

കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് മുരളീധരന്റെ മറുപടി ഇങ്ങനെ: ‘‘അല്ലെങ്കിൽത്തന്നെ ഇപ്പോഴത്തെ മന്ത്രിസഭയിൽ ഉള്ളവർ ആരൊക്കെയാണ്? നിയമസഭയിലെ ഉപകരണങ്ങൾ തല്ലിപ്പൊളിച്ചവർ, പല കേസുകളിലും പ്രതികളായിട്ടുള്ളവർ. അതിന്റെ കൂട്ടത്തിൽ ഒരാളു കൂടി. അത്രേയുള്ളൂ വ്യത്യാസം.

സോളർ ഗൂഢാലോചനക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കോൺഗ്രസിന് ഒട്ടും ഭയമില്ല. അതെല്ലാം അന്വേഷിക്കണം എന്നു തന്നെയാണ് നിലപാട്. എന്തായാലും പിണറായി അന്വേഷിക്കേണ്ട. മറ്റു മാർഗങ്ങളെക്കുറിച്ചാണ് ഞങ്ങൾ ആലോചിക്കുന്നത്. അതാണ് നിയമോപദേശം തേടുന്നുവെന്നു പറയാൻ കാരണം. ഏത് അന്വേഷണവും ഞങ്ങൾ സ്വാഗതം ചെയ്യും. ആരു ഗൂഢാലോചന നടത്തിയാലും അവർ ശിക്ഷിക്കപ്പെടണം. അതാണ് പാർട്ടി നയം. അതാണ് യുഡിഎഫിന്റയും നയം. ഞങ്ങൾ അന്വേഷണത്തെ ഒട്ടും ഭയപ്പെടുന്നില്ല.

വിവാദ ദല്ലാൾ പറയുന്നതിനെ ഞങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ല. അദ്ദേഹം മനഃപൂർവം വഴിതിരിച്ചുവിടാൻ ഇറങ്ങിയതാണ്. എൽഡിഎഫിന്റെ ഒരു ഏജന്റായാണ് ദല്ലാൾ നന്ദകുമാർ ഈ പ്രസ്താവനകളെല്ലാം നടത്തിയത്. അതിനെ ഒരു ശതമാനം പോലും ഞങ്ങൾ അംഗീകരിക്കുന്നില്ല. പന്ത് ഞങ്ങളുടെ കോർട്ടിലേക്ക് അടിക്കാനാണ് ഓരോന്നു പറയുന്നത്. അത് വേണ്ട. അങ്ങനെ കൂട്ടത്തിലുള്ള ആരെയും ഞങ്ങൾക്ക് യാതൊരു സംശയവുമില്ല.

ഈ സംഭവത്തിൽ ഒന്നാം പ്രതി ഗണേഷ് കുമാറും രണ്ടാം പ്രതി പിണറായി വിജയനുമാണ്. അതാണ് ഞങ്ങളുടെ നിലപാട്. അതിൽ മാറ്റമില്ല. ഗണേഷ് കുമാറിനെ ഇനി മുന്നണിയിൽ എടുക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. മുന്നണിയിൽനിന്ന് വിശ്വാസവഞ്ചന കാട്ടിയ വ്യക്തിയെ മുന്നണിക്ക് ഇനി വേണ്ട. അക്കാര്യത്തിൽ ഒരു തർക്കവുമില്ല’’ – മുരളീധരൻ പറഞ്ഞു.

Advertisement