കൽപ്പറ്റ: വയനാട്ടിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തത് ലോൺ ആപ്പുമായി ബന്ധപ്പെട്ട ഭീഷണിയെ തുടർന്നെന്നു സംശയം. അരിമുള സ്വദേശി ചിറകോണത്ത് അജയ് രാജിന്റെ ആത്മഹത്യയാണ് ലോൺ ആപ്പുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉണർത്തുന്നത്.
അജയ് രാജിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ സ്ഥിരീകരിച്ചു. അജയ് രാജ് ലോൺ ആപ്പിൽനിന്നു കടം എടുത്തിരുന്നതായും സൂചനയുണ്ട്. ഇതേത്തുടർന്ന് പണം തിരിച്ചടയ്ക്കാൻ ഭീഷണി വന്നിരുന്നതായും പറയുന്നു. ഭീഷണി സന്ദേശമയച്ച നമ്പറിലേക്ക് മരണവിവരം അറിയിച്ചപ്പോൾ ‘നല്ല തമാശ’ എന്നായിരുന്നു മറുപടി.
വ്യാജ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി അജയ് രാജിന്റെ സുഹൃത്തുക്കളും ആരോപിക്കുന്നുണ്ട്. അജയ് രാജിന്റെ ഫെയ്സ്ബുക് സുഹൃത്തുക്കളിൽ ചിലർക്ക് കുടുംബാംഗങ്ങളുടെ ഉൾപ്പെടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നതായാണ് വിവരം. ഹിന്ദി സംസാരിക്കുന്ന ആളുകൾ പണം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. അജയ് രാജിന്റെ ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസ്, വിശദമായ പരിശോധന നടത്തുകയാണ്.
മീനങ്ങാടി മേഖലയിൽ ലോട്ടറി വിൽപ്പനക്കാരനായിരുന്നു അജയ് രാജ്. പതിവുപോലെ വിൽപ്പനയ്ക്കുള്ള ലോട്ടറി എടുക്കാനായിപ്പോയ അജയ് രാജിനെ കാണാതാവുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതിനിടെ അരിമുള എസ്റ്റേറ്റിനോടു ചേർന്ന് അജയ് രാജിന്റെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഉച്ചയോടെ അജയ് രാജിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം കൊച്ചി കടമക്കുടിയിൽ പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കാനിടയായത് വോലറ്റ് ബാങ്കിങ് (ഓൺലൈൻ വായ്പ) തട്ടിപ്പ് സംഘത്തിന്റെ ഭീഷണി കാരണമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വായ്പയുടെ തിരിച്ചടവു മുടങ്ങിയതോടെ ഭാര്യയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ വാട്സാപ്പിലൂടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചു. വായ്പാ പണം നൽകിയില്ലെങ്കിൽ ഇത്തരത്തിലുള്ള നഗ്ന ഫോട്ടോകളും വിഡിയോകളും വ്യാപകമായി പ്രചരിപ്പിക്കുമെന്നു വ്യക്തമാക്കുന്നതും ഹിന്ദിയിലുള്ളതുമായ വാട്സാപ് സന്ദേശവും ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തത്.