കോഴിക്കോട് നിന്നും വയനാട് കാണാനെത്തിയ വിനോദ സഞ്ചാരിയുടെ വില കൂടിയ ഐ ഫോൺ കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് ഫോൺ വീണ്ടെടുത്ത് നൽകി അഗ്നിരക്ഷാ സേന. സഞ്ചാരിയായ ജാസിമിന്റെ 75,000 രൂപ വില വരുന്ന ഐ ഫോൺ ആണ് കുരങ്ങ് ചുരം വ്യൂ പോയിന്റിന് താഴെ കൊക്കയിലേക്ക് എറിഞ്ഞത്.
ജീപ്പിലെത്തിയ സഞ്ചാരികൾ വ്യൂ പോയിന്റ് കാണാൻ ഇറങ്ങിയ സമയത്താണ് കുരങ്ങന്മാർ ജീപ്പിൽ വെച്ചിരുന്ന ഐ ഫോൺ കൈക്കലാക്കിയത്. തുടർന്ന് കൊക്കയിലേക്ക് എറിയുകയായിരുന്നു. ഫോൺ എടുക്കാൻ മറ്റ് മാർഗമില്ലാതെ വന്നതോടെയാണ് ജാസിം കൽപ്പറ്റ ഫയർഫോഴ്‌സിനെ വിളിക്കുന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സ് എത്തി സ്ഥലം പരിശോധിച്ചു.
റോപ്പ് കെട്ടി താഴെയിറങ്ങിയാണ് അഗ്നിരക്ഷാ സേന ഫോൺ വീണ്ടെടുത്തത്. അരമണിക്കോറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് താഴെയിറങ്ങി ഫോണ്‍ എടുക്കാനായത്. ഫോണിന് മറ്റ് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.