പെൺപ്രതിമയല്ല, അലൻസിയറിന്റെ ധീരതക്ക് ഭരതമുനിയുടെ പ്രതിമ നൽകുമെന്ന് മെൻസ് അസോസിയേഷൻ

Advertisement

തിരുവനന്തപുരം:
നടൻ അലൻസിയറിന് ധീരതയ്ക്കുള്ള അവാർഡ് നൽകാൻ തീരുമാനിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ. അലൻസിയറിന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ സ്ത്രീ പ്രതിമയ്ക്ക് പകരം, നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപം നൽകുമെന്നാണ് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റവും അടുത്ത ദിവസം തന്നെ അവാർഡ് സമ്മാനിക്കാനാണ് അസോസിയേഷന്റെ തീരുമാനം. ആണത്തമുള്ള പുരുഷന്റെ, അത്യാവശ്യം വസ്ത്രം ധരിച്ച വ്യക്തിയുടെ പ്രതിമയാണ് അദ്ദേഹത്തിന് നല്‍കുക. അലൻസിയറുടെ കുടുംബവും ചടങ്ങിൽ പങ്കെടുക്കും. ക്യാഷ് അവാർഡ് നൽകുന്നതിനെ പറ്റിയും ചിന്തിക്കുന്നുണ്ട്’. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ അജിത് കുമാർ വ്യക്തമാക്കി

അലൻസിയറിന് ഫെമിനിസ്റ്റുകളൊഴികയുള്ള സ്ത്രീകളുടെയും ചില പുരുഷൻമാരുടെയും പിന്തുണയുണ്ട്. അവാർഡിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം വാർത്താ സമ്മേളനം നടത്തി പങ്കുവക്കുമെന്നും അജിത് കുമാർ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ തുക കുറഞ്ഞുപോയതിനെക്കുറിച്ചും അലൻസിയർ പറഞ്ഞിരുന്നു. അദ്ദേഹം ആ പണം മുഴുവൻ നൽകിയത് ആതുര സേവനത്തിനാണ്. അതുകൊണ്ടാണ് അദ്ദേഹം ആ പണം കുറഞ്ഞു പോയതിനെ പറ്റി പറഞ്ഞത്. ആതുര സേവനം നൽകുന്നവർക്കായാണ് അലൻസിയർ സഹായം നൽകുന്നത്. തങ്ങളുടെ വക ഒരു പങ്കും അതിന് ഉണ്ടാകട്ടെ എന്നാണ് ചിന്തയെന്നും അജിത് കുമാർ വ്യക്തമാക്കി.

സംസ്ഥാന ചലച്ചിത്ര പുരസ്കാരമായി പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന അലൻസിയറിന്റെ പരാമർശം വലിയ വിവാദമായിരുന്നു. പുരസ്കാരമായി ആൺകരുത്തുള്ള പ്രതിമ വേണമെന്നും അങ്ങനെയൊന്ന് കിട്ടുന്ന അന്ന് അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞിരുന്നു

Advertisement