കോഴിക്കോട്. ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു. ഇന്ന് പുറത്ത് വന്ന 61 ഫലങ്ങളും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. നിപ ബാധിതനായി മരിച്ച ആയഞ്ചേരി സ്വദേശിയുമായി അടുത്ത സമ്പർക്കം പുലർത്തിയ ആരോഗ്യ പ്രവർത്തകയുടെ ഫലവും നെഗറ്റീവായി. നിപ പ്രതിരോധ പ്രവർത്തനത്തെ കേന്ദ്ര സംഘം അഭിനന്ദിച്ചെന്നും ആരോഗ്യ മന്ത്രി.
നിപ ആശങ്ക ഒഴിയുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പുറത്ത് വന്നത്. ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ട നിരീക്ഷണത്തിൽ കഴിയുന്ന രോഗ ലക്ഷണമുള്ളവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയി . ഇന്ന് മാത്രം 61 പേരാണ് നെഗറ്റീവ് ആയത്. നിപ ബാധിച്ച് മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുമായി അടുത്ത സമ്പർക്കം പുലർത്തിയ ആരോഗ്യ പ്രവർത്തകയുടെ പരിശോധന ഫലവും നെഗറ്റീവാണ്.
ഇതിനിടെ നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കോഴിക്കോട് കളക്ട്രേറ്റിൽ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. മന്ത്രിമാരായ വീണ ജോർജ്ജും, മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുത്തു. നിപ ബാധിത മേഖലകളിൽ കേന്ദ്ര സംഘം ഇന്നും പരിശോധന തുടരും. സംസ്ഥാനത്തിന്റെ നിപ പ്രതിരോധ മാർഗങ്ങളെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അഭിനന്ദിച്ചു.