എഐ ക്യാമറ പദ്ധതി, ആദ്യ ഗഡു കെല്‍ട്രോണിന് നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി

Advertisement

കൊച്ചി.എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യ ഗഡു കെല്‍ട്രോണിന് നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി. കെല്‍ട്രോണിന് 11.79 കോടി രൂപ നല്‍കാനാണ് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് അനുമതി നല്‍കിയത്. ക്യാമറയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. എഐ ക്യാമറ ഇടപാടിലെ അഴിമതി കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ഭരണത്തിലെ ഉന്നതരുടെ പങ്ക് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പദ്ധതി നടപ്പാക്കാന്‍ കരാര്‍ ലഭിച്ച കെല്‍ട്രോണിന്റെ യോഗ്യത സംബന്ധിച്ച് അന്വേഷിക്കണം, പദ്ധതിക്ക് സര്‍ക്കാര്‍ നല്‍കിയ ഭരണാനുമതി റദ്ദാക്കണം തുടങ്ങിയവയായിരുന്നു ഹര്‍ജിയിലെ മറ്റ് ആവശ്യങ്ങള്‍.