ചീറിയടുത്ത് കടുവ; ജീവനുംകൊണ്ട് ഓടുന്നതിനിടെ ബോധം കെട്ടുവീണു, ഞെട്ടൽ മാറാതെ സ്ത്രീ തൊഴിലാളികൾ

Advertisement

സുൽത്താൻബത്തേരി: വാകേരിയിലെ സ്വകാര്യ തോട്ടത്തിൽ തൊഴിലാളികൾ കടുവയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലാരിഴക്ക്. ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം.

ഏദൻ ഏലം എസ്‌റ്റേറ്റിലാണ് സംഭവം. ഇവിടെ ജോലി ചെയ്യുകയായിരുന്നു ശാരദ, ഇ്ന്ദിര, ഷീജ എന്നീ തൊഴിലാളികളാണ് കടുവക്ക് മുന്നിൽ അകപ്പെട്ടത്. എൺപതോളം തൊഴിലാളികളും എസ്‌റ്റേറ്റിലെ ജീവനക്കാരും ഈ സമയം തോട്ടത്തിലുണ്ടായിരുന്നു. തട്ടുതട്ടായി തിരിച്ച എൺപതിലധികം ഏക്കർ വരുന്ന തോട്ടത്തിൽ ഏറ്റവും താഴെ ഭാഗത്തായിരുന്നു കടുവയുണ്ടായിരുന്നത്.

ഏലംചെടികൾക്ക് സ്‌പ്രേയർ വഴി വളപ്രയോഗം നടത്തുന്ന ജോലിയായിരുന്നു ഇന്ദിരയും ഷീജയും ശാരദയും ചെയ്തിരുന്നത്. ഏലച്ചെടികൾക്ക് ഇടയിൽ വിശ്രമിക്കുകയായിരുന്ന കടുവ പെട്ടെന്ന് ശാരദക്ക് നേരെ അലർച്ചയോടെ ചാടിവീഴുകയായിരുന്നു. നിലവിളിച്ച് തിരിഞ്ഞ് ഓടുന്നതിനിടെ ഇവർ ബോധരഹിതയായി വീണുവെന്ന് ഷീജ പറഞ്ഞു. ശാരദയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഇന്ദിരക്ക് നേരെയും കടുവ അലറിയടുത്തു. ഇവരും ഓട്ടത്തിനിടെ തളർന്നുവീണു. ഇതോടെ അൽപം മാറി നിന്നിരുന്ന ഷീജ ബഹളം കൂട്ടി. പിന്നീട് റൈറ്റർ ബേബിയും മറ്റു തൊഴിലാളികളും ഓടിയെത്തി. ബഹളം കേട്ട് കടുവ പിന്തിരിഞ്ഞ് സമീപത്തെ വയലിലേക്ക് ഇറങ്ങി എസ്റ്റേറ്റിന്റെ തന്നെ മറ്റൊരു ഭാഗത്തേക്ക് കയറിപോകുകയായിരുന്നു.

വിവരമറിഞ്ഞ് ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്ന് വനപാലകരെത്തി എസ്റ്റേറ്റിൽ തിരച്ചിൽ നടത്തി. ഇതോടെ എസ്‌റ്റേറ്റിൽ നിന്നിറങ്ങിയ കടുവ വയലിനക്കരെയുള്ള ആറേക്കർ പ്രദേശത്തെ കാപ്പിത്തോട്ടത്തിലേക്ക് രക്ഷപ്പെട്ടു. ഏദൻത്തോട്ടത്തിന് പരിസരത്തും മറ്റും ദിവസങ്ങൾക്ക് മുമ്പും കടുവയെത്തിയതായി പഞ്ചായത്തംഗം ധന്യ സാബു പറഞ്ഞു. കഴിഞ്ഞ വർഷം വാകേരി പ്രദേശത്ത് നിന്ന് കടുവയെ കൂട് വെച്ച് പിടികൂടിയിരുന്നു. ഇതേ സ്ഥലത്ത് തന്നെയാണ് വീണ്ടും കടുയെത്തിയിരിക്കുന്നത്. പൂർണ്ണ വളർച്ചയെത്തിയ ആരോഗ്യമുള്ള കടുവയാണ് തങ്ങൾക്ക് മുമ്പിൽ അകപ്പെട്ടതെന്ന് ഷീജ പറയുന്നു. കടുവ സമീപപ്രദേങ്ങളിൽ തന്നെയുണ്ടെന്നും കാട് കയറിയിട്ടില്ലെന്ന് ഇവർ സൂചിപ്പിച്ചു. ഏദൻ എസ്റ്റേറ്റിനോട് ചേർന്ന് കാടില്ലെങ്കിലും സമീപത്ത് കാടുപിടിച്ച് കിടക്കുന്ന തോട്ടങ്ങൾ വനത്തോട് ചേർന്നുള്ളതാണെന്നും തൊഴിലാളികൾ പറഞ്ഞു.

Advertisement