തൃശൂര്‍ . നാടകീയ നീക്കങ്ങളുമായി ഇ ഡി കളം നിറയുമ്പോള്‍ ആശങ്കയുടെ മുള്‍മുനയില്‍ സിപിഎം, നാളെ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്നതിൽ എസി മൊയ്തീന്റെ സസ്പെൻസ് തുടരുകയാണ്. രണ്ടാംവട്ടം എസി മൊയ്തീനെ ഈ ചോദ്യം ചെയ്യാൻ ഒരുങ്ങുമ്പോൾ സിപിഎമ്മിനുള്ളിലെ ആശങ്ക ചെറുതല്ല, അറസ്റ്റിലേക്ക് നീങ്ങിയാലോ എന്ന ആശങ്ക തന്നെയാണ് അവസാന നിമിഷവും ഹാജരാകണമോ എന്നതിലെ അവ്യക്തതയ്ക്ക് കാരണം
സഹകരണമേഖല സംസ്ഥാനത്ത് സിപിഎമ്മിന്‍റെ കൈപ്പിടിയിലാണ്. നാട്ടിലെ സ്വിസ് ബാങ്കുകളാണ് സഹകരണ ബാങ്കുകള്‍. ഉച്ചിക്കുവച്ചകൈകൊണ്ട് ഉദകക്രിയ നടക്കുമോ എന്ന ആശങ്കയിലാണ് കേരളമാകെ സഹകാരികള്‍. ഏറെ പാടുപെട്ട് അകറ്റി നിര്‍ത്തിയിരുന്ന കേന്ദ്ര ഏജന്‍സികള്‍ കയറി നിരങ്ങാനുള്ളവഴി പാര്‍ട്ടി നേതാക്കള്‍ ഒപ്പിച്ചതില്‍ അമര്‍ഷം പുകയുകയാണ്. ദിനേന നടക്കുന്ന വെളിപ്പെടുത്തലുകളിൽ ആടിയുലയുകയാണ് സിപിഎം. നേതാക്കളിൽ ഓരോരുത്തരിൽ നിന്ന് ഓരോരുത്തരിലേക്ക് കുരുക്കു മുറുക്കുകയാണ് ഇ ഡി . രണ്ടാം തവണ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എസി മൊയ്തീൻ നോട്ടീസ് നൽകിയെങ്കിലും അവസാന മണിക്കൂറിലും വ്യക്തമായ തീരുമാനം പറയാൻ മൊയ്തീനോ പാർട്ടി വൃത്തങ്ങളോ തയ്യാറായിട്ടില്ല. ഇ ഡി യെ പുച്ഛിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി നാളെ എസി മൊയ്തീൻ ഹാജരാകുമോ ഇല്ലയോ എന്ന് വ്യക്തമാക്കണം എന്നായിരുന്നു അനിൽ അക്കരയുടെ പരിഹാസം.
എ.സി മൊയ്തീൻ ഹാജരാകും എന്ന് പറയാത്തതിനു കാരണം ഹാജരായാല്‍ ഒരുപക്ഷേ ജയിലിൽ കിടക്കേണ്ടി വരുമോ എന്ന ഭയംകൊണ്ടാണെന്ന് അനില്‍ അക്കര പരിഹസിച്ചു.
ഹാജരായാൽ അറസ്റ്റിലേക്ക് നീങ്ങുമോ എന്ന ആശങ്ക തന്നെയാണ് അവ്യക്തതയ്ക്ക് കാരണം. ഹാജരാകുന്നതിൽ കൃത്യമായ നിയമപദേശം ഉൾപ്പെടെ എസി മൊയ്തീൻ തേടിയിരുന്നു. അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യ അപേക്ഷ നൽകുന്നത് പരിഗണിച്ചു. പക്ഷേ ഒരു തീരുമാനവും ഇതുവരെയും പ്രഖ്യാപിക്കാനായില്ല .