വാർത്താ നോട്ടം

Advertisement

2023 സെപ്തംബർ 19, ചൊവ്വ

BREAKING NEWS

👉 പത്തനംതിട്ട കോയിപ്രം ആയിരക്കാവ് പാടത്ത് പാറയ്ക്കൽ പ്രദീപിനെ (39 )മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം

👉 തമിഴ് സംഗീത സംവിധായകനും നടനുമായ വിജയ് ആൻ്റണിയുടെ മകൾ മീര (16) ആത്മഹത്യ ചെയ്ത നിലയിൽ.

👉 പുതിയ പാർലമെൻറിൽ ഇന്ന് മുതൽ യോഗം; രാവിലെ 9.30ന് പഴയ മന്ദിരത്തിൽ ഫോട്ടോ ഷൂട്ട്, 11 ന് പാർലമെൻ്റ് സെൻട്രൽ ഹാളിൽ പ്രത്യക ചടങ്ങ്.
1.15ന് ലോക്സഭയും 2.15 ന് രാജ്യസഭയും ചേരും

👉അനന്തനാഗിൽ വീരമൃത്യു വരിച്ച സൈനീകൻ്റെ മൃതദേഹം കിട്ടി.

👉 കരുവന്നൂർ: മുൻ മന്ത്രി എ സി മൊയ്തീൻ ഇന്ന് ഇ ഡി യുടെ ചോദ്യം ചെയ്യലിൽ പങ്കെടുക്കില്ല.
അയ്യന്തോൾ ബാങ്കിൽ ഇ ഡി പരിശോധന അവസാനിച്ചു.

👉 ട്രാക്ടറുകളുമായി സമരത്തിന് ഒരുങ്ങിയിരിക്കാൻ കർഷക നേതാവ് രാജേഷ് ടിക്കായത്ത് കർഷകരോട് ആഹ്വാനം ചെയ്തു.

👉 തിരുവനന്തപുരം മൃഗശാലയിൽ ഒരു ആൺ സിംഹം ചത്തു.മൃഗശാലയിൽ അവശേഷിക്കുന്നത് മൂന്ന് സിംഹങ്ങൾ

🌴 കേരളീയം 🌴

🙏 കാസർകോട് ജില്ലയില്‍ ഇന്നു പൊതു അവധി. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

🙏ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ജാതി വിവേചനം നേരിട്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ഒരു ക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങില്‍ ഭദ്രദീപം തെളിക്കാന്‍ പൂജാരി വിളക്കുമായി എത്തി. തനിക്കു വിളക്കു കൈമാറാതെ പൂജാരിതന്നെ തെളിച്ചു. പിന്നീട് വിളക്കു താഴെവച്ചു. അതെടുത്ത് തിരി തെളിക്കേണ്ടതില്ലെന്നു താന്‍ തീരുമാനിച്ചു. ജാതിയുടെ പേരിലാണു ഈ വിവേചനമുണ്ടായത്. കോട്ടയത്ത് ഭാരതീയ വേലന്‍ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

🙏കള്ളപ്പണത്തില്‍ കുടുങ്ങി സിപിഎം. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ തുടര്‍ച്ചയായി എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണം സിപിഎം നേതാക്കള്‍ ഭരിക്കുന്ന കൂടുതല്‍ സഹകരണ സംഘങ്ങളിലേക്കു വ്യാപിപ്പിച്ചു. അയ്യന്തോള്‍ സഹകരണ ബാങ്കിലും കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണന്‍ പ്രസിഡന്റായുള്ള തൃശൂര്‍ സഹകരണ ബാങ്കിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തി.

🙏നിപ വ്യാപനം ഇല്ലാത്തതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവ്. പഞ്ചായത്തുകളിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ കടകള്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിപ്പിക്കാം, ബാങ്കുകള്‍ക്ക് ഉച്ചയ്ക്കു രണ്ടു വരെ പ്രവര്‍ത്തിക്കാം. അതേസമയം, ആള്‍ക്കൂട്ടങ്ങള്‍ക്കു വിലക്കു തുടരും. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ തുടരണം. ആകെ 218 സാമ്പിളുകള്‍ പരിശോധിച്ചു. സമ്പര്‍ക്ക പട്ടികയില്‍ 1270 പേരാണുള്ളത്. ഇന്നലെ 37 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി.

🙏ആശുപത്രി സംരക്ഷണ ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തടയാനുള്ള നിയമമാണിത്. നിയമസഭ പാസാക്കിയ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ല.

🙏പത്തൊമ്പത് മലയാളികള്‍ ഉള്‍പ്പെടെ 34 ഇന്ത്യന്‍ നഴ്സുമാര്‍ കുവൈറ്റില്‍ അറസ്റ്റില്‍. ആവശ്യമായ രേഖകളില്ലാത്തതിനാണ് പിടിയിലായത്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പിടിയിലായ 60 അംഗ സംഘത്തില്‍ 34 ഇന്ത്യക്കാരാണുള്ളത്. മുലയൂട്ടുന്ന അമ്മമാരായ അഞ്ച് നഴ്സുമാര്‍ക്ക് കുഞ്ഞുങ്ങള്‍ക്കൊപ്പം കഴിയാനുള്ള അനുമതിക്കായി ചര്‍ച്ചകള്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു.

🙏സിപിഎം നേതാക്കളുടെ ഭാര്യമാരെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ നവമാധ്യമങ്ങളില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ സൈബര്‍ പൊലിസ് കേസെടുത്തു. എഎ റഹീം എംപിയുടെ ഭാര്യയായ അമൃത റഹിമിന്റെ പരാതിയിലാണ് സൈബര്‍ പൊലിസ് കേസെടുത്തത്.

🙏മലപ്പുറം താനൂരിലെ താമീര്‍ ജാഫ്രിയുടെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ഹൈക്കോടതി. കസ്റ്റഡിയിലിരിക്കെ മരിച്ച താമീര്‍ ജാഫ്രിക്കൊപ്പം പൊലീസ് പിടികൂടിയ നാലുപേരെയും മര്‍ദിച്ചെന്നാണു കേസ്.

🙏സംസ്ഥാനത്ത് അഞ്ചു ദിവസം മഴയ്ക്കു സാധ്യത. രണ്ട് ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവുമാണ് മഴ തുടരാന്‍ കാരണം. തെക്ക് കിഴക്കന്‍ രാജസ്ഥാന് മുകളിലെ ന്യൂനമര്‍ദം കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതച്ചുഴിയായി മാറിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയുമുണ്ട്.

🙏മൂന്നാറില്‍ റവന്യൂ ഭൂമി കയ്യേറി അനധികൃതമായി നിര്‍മാണമാരംഭിച്ച കെട്ടിടങ്ങള്‍ പഞ്ചായത്ത് ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചു. പത്താം വാര്‍ഡ് ഇക്കാനഗര്‍ ഭാഗത്ത് നിര്‍മാണത്തിലിരുന്ന റിസോര്‍ട്ടിന് വേണ്ടി പണിത കെട്ടിടമുള്‍പ്പെടെ മൂന്ന് കെട്ടിടങ്ങളാണ് പഞ്ചായത്ത് ഏറ്റെടുത്തത്.

🙏ഇന്ത്യാ സഖ്യത്തിലെ കരുത്തുറ്റ പ്രസ്ഥാനമായി സിപിഎം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കമ്മിറ്റികളില്‍ ചേരാത്തതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടെന്നും ഗോവിന്ദന്‍.

🙏നിയമസഭ അടിച്ചു തകര്‍ത്ത മന്ത്രി ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനും കേസ് നീട്ടിക്കൊണ്ടുപോകാനുമാണ് സര്‍ക്കാര്‍ യുഡിഎഫ് എംഎല്‍മാരായിരുന്ന കെ ശിവദാസന്‍ നായര്‍ക്കും എം.എ വാഹിദിനും എതിരെ കേസെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

🙏പി എസ് സി നിയമന തട്ടിപ്പു കേസില്‍ മുഖ്യ പ്രതി രാജലക്ഷമി തിരുവനന്തപുരത്തെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തട്ടിപ്പിലെ മറ്റൊരു പ്രതിയായ കോട്ടയം സ്വദേശിനി ജോയിസി ജോര്‍ജും പിടിയിലായി.

🇳🇪 ദേശീയം 🇳🇪

🙏എംപിമാര്‍ ഇന്നുച്ചയോടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക്. പഴയ മന്ദിരത്തില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയുമായി എംപിമാരെ നയിച്ച് പുതിയ മന്ദിരത്തില്‍ എത്തും. പഴയ മന്ദിരത്തില്‍ രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷനു ശേഷം സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേര്‍ന്നശേഷമാണ് പുതിയ മന്ദിരത്തിലേക്കുള്ള പ്രവേശനം. പുതിയ മന്ദിരത്തില്‍ ഒന്നേകാലിന് ലോക്സഭയും രണ്ടിന് രാജ്യസഭയും ചേരും.

🙏വനിതാ സംവരണ ബില്ലിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. ഇന്ന് ഉച്ചമുതല്‍ പുതിയ മന്ദിരത്തിലായിരിക്കും പാര്‍ലമെന്റ് സമ്മേളനം. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വോട്ടിംഗിനുള്ള സൗകര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. രാജ്യസഭ വൈസ് ചെയര്‍പേഴ്സണ്‍ പാനലില്‍ 50 ശതമാനം പ്രാതിനിധ്യം വനിത എം പിമാര്‍ക്കായിരിക്കുമെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. എട്ടംഗ പാനലില്‍ നാലു പേര്‍ വനിതകളാകും

🙏മഹാരാഷ്ട്ര നിയമസഭയിലെ എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കാത്തതില്‍ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. അയോഗ്യത വിഷയത്തില്‍ സ്പീക്കറുടെ തീരുമാനം അനന്തമായി നീട്ടാനാവില്ലെന്നു സുപ്രീം കോടതി. തീരുമാനം ഉടനേ അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

🙏മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചു. ഐപിഎസ് ഉദ്യോഗസ്ഥനായ തെംതിംഗ് നഗാഷാങ്വയാണ് അന്വേഷിക്കുക.

🙏എന്‍ഡിഎയിലെ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ ബിജെപി ബന്ധം അവസാനിപ്പിക്കുന്നു. പാര്‍ട്ടി വക്താവ് ഡി ജയകുമാര്‍ അറിയിച്ചതാണ് ഇക്കാര്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ നടത്തിയ അപഹാസ്യ പ്രസ്താവനകളെ ചൊല്ലിയാണ് തീരുമാനം.

🙏അദാനി-ഹിന്‍ഡന്‍ബ
ര്‍ഗ് കേസില്‍ അന്വേഷണത്തിന് സുപ്രീം കോടതി നിയോഗിച്ച ആറംഗ പാനലില്‍ മൂന്നു പേരെ നീക്കം ചെയ്ത് പകരം മൂന്നുപേരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി.

🇦🇴 അന്തർദേശീയം 🇦🇽

ചന്ദ്രയാന്‍ വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. ബഹിരാകാശത്തുനിന്ന് ഇന്ത്യ മനോഹരമാണെന്നും ഭാവിയില്‍ ഇന്ത്യയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

🏏🏑 കായികം 🥍🏸

🙏ഓസ്ട്രേലിയക്കെതി
രായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചു. പരമ്പര സെപ്റ്റംബര്‍ 22-നാണ് ആരംഭിക്കുന്നത്.