കൊച്ചി.മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ ഐ ജി ലക്ഷ്മണിന് ഹൈക്കോടതിയുടെ വിമർശനം. ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ ആവില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. ആരോപണം പിൻവലിക്കാനുള്ള അപേക്ഷ പരിഗണിച്ചപ്പോഴായിരുന്നുണ് വിമർശനം. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയത് സമർപ്പിക്കണമെന്നും ഐ ജിയോട് കോടതി നിര്‍ദ്ദേശിച്ചു. അല്ലാത്തപക്ഷം കനത്ത പിഴ ചുമത്തേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ ജി ലക്ഷ്മണന്റെ ഹൈക്കോടതിയിലെ ഹർജിയിൽ ഉന്നയിച്ചത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം തന്റെ അറിവോടെ അല്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തത് ആണെന്നുമായിരുന്നു ഐ ജി ലക്ഷ്മണ പിന്നീട് പറഞ്ഞത്. ഈ അഭിഭാഷകനെ മാറ്റി പുതിയ അഭിഭാഷകൻ മുഖേന ആണ് ഐജി ഇന്ന് കോടതിയില്‍ അപേക്ഷ നൽകിയത്.