കൊല്ലം.കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ജോലിക്കിടെ ഹൗസ് സർജൻ വന്ദനദാസിനെ കൊലപ്പെടുത്തിയ കേസ് വിചാരണക്കായി കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽനിന്നും ജില്ലാ കോടതിയിലേക്ക് മാറ്റി. നടപടികൾ കൊട്ടാരക്കര കോടതിയിൽ പൂർത്തിയാക്കി. ഏറെ ചർച്ചയായ കേസിൽ ജൂലൈ ഒന്നിനാണ് കുറ്റപത്രം സമർപ്പിച്ചത്.
മെയ് 10ന് പുലർച്ചെയാണ് വന്ദനദാസ് കൊല്ലപ്പെട്ടത്. കേസിൽ പൊലീസുകാരും ഹോംഗാർഡും ആശുപത്രി ജീവനക്കാരും ദൃക്സാക്ഷികളും അടക്കം നൂറിലേറെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, അന്യായ തടസ്സം സൃഷ്ടിക്കൽ, ആക്രമിച്ച് പരിക്കേൽപ്പിക്കൽ, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, പൊതുപ്രവർത്തകരെ ആക്രമിക്കൽ എന്നിവയ്ക്കു പുറമേ മെഡിക്കൽ സർവീസ് സംരക്ഷണ നിയമത്തിലെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തി.
സന്ദീപിന്റെ ആക്രമണത്തിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ആശുപത്രി പരിസരത്തുണ്ടായിരുന്ന രോഗികൾ തുടങ്ങിയവർ ഉൾപ്പെടെ 136 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. പൊലീസുകാരെ ഉൾപ്പെടെ സന്ദീപ് കുത്തിപ്പരിക്കേൽപ്പിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ട്.