കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഹവാല ഇടപാടുമുണ്ടായെന്ന് ഇഡി

Advertisement

കൊച്ചി. കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഹവാല ഇടപാടുമുണ്ടായെന്ന് ഇഡി. പി.സതീഷ്കുമാറിനെതിരെ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഗുരുതര വെളിപ്പെടുത്തല്‍. തട്ടിപ്പിന് സിപിഎം നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഒത്താശ ചെയ്തുവെന്നു ഇഡി ആരോപിക്കുന്നു. അതേസമയം കേസില്‍ എ സി മൊയ്തീന് ഇഡി ഉടന്‍ നോട്ടീസ് നല്‍കും.

ഒന്നാംപ്രതിയും കൊള്ളപ്പലിശക്കാരനുമായ സതീഷ്കുമാര്‍ കോടികളുടെ ഹവാല ഇടപാടുകള്‍ നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍. പ്രധാന സാക്ഷിയായ ജിജോറിന്റെ മൊഴി ഇക്കാര്യം സാധൂകരിക്കുന്നു. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത കോടികള്‍ സതീഷ്കുമാര്‍ ബഹ്റൈനില്‍ സഹോദരങ്ങളായ ശ്രീജിത്ത്, വസന്തകുമാരി എന്നിവരുടെ ബിസിനസില്‍ നിക്ഷേപിച്ചു. തട്ടിപ്പിന് സിപിഎം നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഒത്താശ ചെയ്തുവെന്നും ഇഡി ആരോപിക്കുന്നു. ഇക്കാരണത്താല്‍ ഹവാല ഇടപാടില്‍ വിശദമായ അന്വേഷണം വേണമെന്നും ഇഡി ആവശ്യപ്പെടുന്നു.

കരുവന്നൂരിന് പുറമെ അയ്യന്തോള്‍ സഹകരണബാങ്കടക്കം കേന്ദ്രീകരിച്ച്
പത്ത് വര്‍ഷം കൊണ്ട് 40 കോടി രൂപ സതീഷ്കുമാര്‍ വെളുപ്പിച്ചെന്ന് ഇഡി നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്വന്തം പേരിലും കുടംബാംഗങ്ങളുടെ പേരിലുമെടുത്ത അഞ്ച് അക്കൗണ്ടുകളിലൂടെയായിരുന്നു ഇടപാടുകള്‍. ആകെ 150 കോടിയുടെ തട്ടിപ്പാണ് കരുവന്നൂര്‍ കേന്ദ്രീകരിച്ച് നടന്നത്. അതേസമയം കേസില്‍ എ സി മൊയ്തീന് ഇഡി ഉടന്‍ നോട്ടീസ് നല്‍കും.

Advertisement