പാലക്കാട് കുളത്തിൽ വച്ച് നഷ്ടമായ സ്വർണമാല മുങ്ങിയെടുത്ത് ബേക്കറി കച്ചവടക്കാരൻ, റാഫിയുടെ സ്കിൽ വൈറൽ

Advertisement

പാലക്കാട്: ആഴമുള്ള കുളത്തിൽ സ്വർണമാല നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? ആദ്യം മനസിലെത്തുക അഗ്നിരക്ഷാ സേനയെ വിളിക്കാം എന്നായിരിക്കും. എന്നാൽ അഗ്നി രക്ഷാ സേന കൈമലർത്തിയാൽ പിന്നെന്തു ചെയ്യും? കുളം വറ്റിക്കാനും മുങ്ങിത്തപ്പാനും ആളെ കണ്ടെത്താനുമായുള്ള ചെലവും മാലയുടെ മൂല്യമൊക്കെയുമായി തട്ടിച്ച് നോക്കലുമൊക്കെയായി ഏറെ ആലോചിക്കേണ്ടി വരുമല്ലേ?

എന്നാൽ പാലക്കാട് കുളപ്പുള്ളിക്കാർക്ക് ഇതിന് ഒരൊറ്റ ഉത്തരമേയുള്ളൂ. ബേക്കറി കച്ചവടക്കാരൻ മുഹമ്മദ് റാഫി. മുങ്ങൽ വിദഗ്ധരെ വരെ തോൽപ്പിക്കുന്ന മികവാണ് കുളത്തിലെ മാല മുങ്ങിയെടുക്കാൻ റാഫിക്കുള്ളത്. മൂന്ന് പവനോളം വരുന്ന രുദ്രാക്ഷ മാല അരമണിക്കൂറിനുള്ളിൽ മുങ്ങിയെടുത്ത പ്രകടനം ഇപ്പോൾ നാട്ടിൽ പാട്ടാണ്. ഇത് ആദ്യമായല്ല റാഫി കുളത്തിൽ നഷ്ടമായ മാല മുങ്ങിയെടുക്കുന്നത്.

ഭാര്യ വീട്ടിൽ വിരുന്നിന് വന്ന യുവാവിന്റെ മാലയാണ് കഴിഞ്ഞ ദിവസം കുളപ്പുള്ളിയിലെ കുളത്തിൽ നഷ്ടമായത്. വിരുന്നിന്റെ രസം കൊല്ലിയായി വന്ന മൊമെന്റിൽ യുവാവിന് ആശ്വാസമായാണ് റാഫി കുളത്തിൽ നിന്ന് പൊന്തിയത്. നല്ലതുപോലെ പരിചയമുള്ള കുളമായതാണ് മാല തപ്പിയെടുക്കാൻ സഹായിച്ചതെന്ന് റാഫിയും പറയുന്നു. കുളത്തിൽ എത്ര നേരം വേണമെങ്കിലും നീന്താൻ തയ്യാറാണ്. ചിലപ്പോഴൊക്കെ മുങ്ങിയാണ് നീന്താറുള്ളതെന്നും റാഫി പറയുന്നു. റാഫി മാലയുമായി കുളത്തിൽ നിന്ന് കയറി വരുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഇതോടെ പലയിടങ്ങളിൽ നിന്ന് മുങ്ങിപ്പോയ വില പിടിപ്പുള്ള സാധനങ്ങൾ മുങ്ങിത്തപ്പിയെടുക്കാൻ സഹായം ആവശ്യപ്പെട്ടും അഭിനന്ദിച്ചുമായി നിരവധി പേരാണ് റാഫിയെ വിളിക്കുന്നത്. സാധിക്കുന്നപോലെ മുങ്ങി തപ്പി സഹായിക്കാമെന്നാണ് വിളിച്ചവരെ നിരാശപ്പെടുത്താതെ ഈ പാലക്കാട്ടുകാരന്റെ മറുപടി.

Advertisement