രക്ഷയില്ല കുഞ്ഞുമോനേ, എല്‍ജെഡിക്കും പോകാം

Advertisement

തിരുവനന്തപുരം. മന്ത്രിസ്ഥാനം വേണമെന്ന എൽ.ജെ.ഡിയുടെയും ആർ.എസ്.പി ലെനിനിസ്റ്റ് പാർട്ടിയുടെയും ആവശ്യം നിരസിക്കാൻ എൽഡിഎഫ്. ഘടകകക്ഷികളുമായി നടത്തുന്ന ഉഭയകക്ഷി ചർച്ചയിൽ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സിപിഎം അറിയിക്കും. രണ്ടര വർഷത്തെ മന്ത്രിസഭാ പുനസംഘടന അടുത്ത എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യാനാണ് ധാരണ.

മന്ത്രിസ്ഥാനം ആവശ്യപ്പെട്ട എൽ.ജെ.ഡി, ആർ.എസ്.പി ലെനിനിസ്റ്റ് എന്നീ പാർട്ടികളുമായി ഉഭയകക്ഷി ചർച്ച നടത്തുമെന്നാണ് ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിൽ കൺവീനർ ഇപി ജയരാജൻ അറിയിച്ചത്. മന്ത്രിസഭാ വിപുലീകരണത്തിലെ പരിമിതി ഘടകകക്ഷികളെ സിപിഎം അറിയിക്കും. മുൻധാരണയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന ഇപിയുടെ പ്രതികരണം ഇതിലേക്കുള്ള സൂചനയാണ്.

ആർഎസ്പി ലെനിനിസ്റ്റ് എംഎൽഎ കോവൂർ കുഞ്ഞുമോനോട് ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സിപിഎം ഇതിനോടകം അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ എൽജെഡിയുടെ നീക്കമാണ് ഇനി അറിയേണ്ടത്. അതേസമയം രണ്ടര വർഷത്തിലെ മന്ത്രിസഭാ പുനസംഘടന തിടുക്കപ്പെട്ട് ചർച്ച ചെയ്യേണ്ടെന്നാണ് എൽഡിഎഫിലെ ധാരണ. കെ.ബി ഗണേഷ് കുമാറിനെയും രാമചന്ദ്രൻ കടന്നപ്പള്ളിയെയും മന്ത്രിസഭയിൽ ഉൾപെടുത്തുന്ന കാര്യം മുഖ്യമന്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.