വിജിലന്‍സ് വിരട്ടില്‍ വീഴുമോ കുഴല്‍നാടന്‍

Advertisement

തിരുവനന്തപുരം. മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെയുള്ള വിജിലൻസ് അന്വേഷണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് എന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. പ്രതിപക്ഷ നിരയിൽ നിന്നും സർക്കാരിനെതിരെ ഏറ്റവും രൂക്ഷമായ ഭാഷയിൽ ശബ്ദമുയർത്തുന്ന മാത്യു കുഴൽനാടനെ തകര്‍ക്കുക എന്നതാണ് സർക്കാരിനെ നയിക്കുന്ന സിപിഎം നീക്കം. എന്നാൽ, അന്വേഷണത്തെ നേരിടും എന്നാണ് മാത്യുവിന്റെ നിലപാട്.കുഴല്‍നാടന്‍റെ നിലപാടുകള്‍ക്ക് പൊതുജനപിന്തുണ കിട്ടുന്നു എന്നതാണ് വിലയിരുത്തല്‍. അത് മറികടക്കാന്‍ പല ശ്രമങ്ങളും സിപിഎം നടത്തുന്നുണ്ട്.

മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേടന്വേഷിക്കാനാണ് വിജിലൻസ് നീക്കം. നേരത്തെ പ്രതിപക്ഷ നേതാവിനെതിരെ ഉൾപ്പെടെ സർക്കാർ വിജിലൻസിനെ ആയുധമാക്കിയിരുന്നു. മാത്യുവിനെതിരെയും അതേ വഴിയിലാണ് സർക്കാർ നീക്കം. മാത്യു സർക്കാരിൻറെ കണ്ണിലെ കരട് ആവുന്നത് മാസപ്പടി വിവാദവും, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ നിരന്തരമായ ആരോപണമുന്നയിക്കലും കൊണ്ടാണ്. നിയമസഭയിൽ പ്രതിപക്ഷം സംസാരിക്കേണ്ട എന്ന് തീരുമാനിച്ച മാസപ്പടി വിഷയവും, ഒറ്റയ്ക്ക് നിയമസഭയിൽ അവതരിപ്പിച്ചിരുന്നു മാത്യു കുഴൽ നാടൻ എം.എൽ.എ. ഇതിന് തൊട്ടു പിന്നാലെയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രംഗത്ത് എത്തുന്നത്. മാത്യു കുഴൽനാടൻ നികുതി വെട്ടിക്കലും കള്ളപ്പണം വെളുപ്പിക്കലും നടത്തി എന്നായിരുന്നു ആരോപണം. ആ ആരോപണത്തിന്മേലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് തീരുമാനമെടുത്തതും, ഒടുവിൽ അതിന് ആഭ്യന്തര സെക്രട്ടറി അനുമതി നൽകിയതും.

സർക്കാരിനെതിരെ സംസാരിക്കുന്നവരെ വിജിലൻസിനെ കാട്ടി വിരട്ടാം എന്നതാണ് സർക്കാരിൻ്റെ ശ്രമമെന്ന വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഏത് അന്വേഷണത്തെയും നേരിടും എന്നുള്ളതാണ് മാത്യുവിന്റെയും നിലപാട്. ഇന്ന് വാർത്താ സമ്മേളനം വിളിച്ചു മാത്യു കുഴൽ നാടൻ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കാനും സാധ്യതയുണ്ട്. സർക്കാരും മാത്യു കുഴൽനാടനും തമ്മിലുള്ള യുദ്ധം തുടരുമെന്ന സൂചനയാണുള്ളത്.