വാർത്താനോട്ടം

Advertisement

2023 സെപ്തംബർ 21 വ്യാഴം

BREAKING NEWS

👉 ആശങ്ക ഒഴിയാതെ കാനഡയിലെ മലയാളിക ളും, ഇന്ത്യാക്കാരും. നടപടി കടുപ്പിച്ച് ഇന്ത്യ

👉 തലസ്ഥാനത്തെ മുതിർന്ന മാധ്യമ പ്രവർത്തകൻ
യു. വിക്രമൻ അന്തരിച്ചു.പ്രമുഖ സി പി ഐ നേതാവ് ആയിരുന്ന അന്തിരിച്ച സി.ഉണ്ണിരാജയുടെ മകനാണ്.

👉 കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് തിരുവനന്തപുരത്ത് എത്തി

👉 കേന്ദ്ര അവഗണനയ്ക്ക് എതിരെ ഇടതു മുന്നണിയുടെ രാജ്ഭവൻ ധർണ്ണ ഇന്ന്

👉 വനിതാ സംവരണ ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.

🌴 കേരളീയം 🌴

🙏എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും വിവിധ വിഭാഗം ജനങ്ങളുമായി സംവദിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണു പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലേയും എം.എല്‍.എമാര്‍ നേതൃത്വം വഹിക്കും.

🙏നിപ പരിശോധന ഇനി ട്രൂനാറ്റ് സൗകര്യമുള്ള ലാബുകളിലും നടത്താം. കേരളം ഐസിഎംആറുമായി നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് അനുമതി. ട്രൂനാറ്റ് പരിശോധനയില്‍ ഫലം വ്യക്തമായാലും നിലവിലെ മാനദണ്ഡം അനുസരിച്ച് പൂനെയിലേക്ക് സാമ്പിള്‍ അയക്കുന്നത് തുടരും.

🙏ദേവപൂജ കഴിയുന്നതുവരെ ആരേയും തൊടില്ലെങ്കില്‍ പൂജാരി ശ്രീകോവിലില്‍നിന്നു പുറത്തിറങ്ങിയത് എന്തിനെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. താന്‍ ആദ്യമായല്ല അമ്പലത്തില്‍ പോകുന്നതെന്നും മറ്റെവിടേയും കാണാത്തതാണ് അവിടെ കണ്ടതെന്നും മന്ത്രി പറഞ്ഞു.

🙏മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് അനുമതി. ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലന്‍സിന് അനുമതി നല്‍കിയത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും വിശദമായി ഇന്നു പ്രതികരിക്കാമെന്നും മാത്യു കുഴല്‍നാടന്‍.

🙏കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാക്കളായ ഇ.പി ജയരാജന്‍, എ.സി മൊയ്തീന്‍, എം.കെ കണ്ണന്‍ എന്നിവര്‍ക്കെതിരേ വ്യാജരേഖ എഴുതി നല്‍കാനാവശ്യപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചതെന്ന് വടക്കാഞ്ചേരിനഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍.

🙏25 കോടി രൂപയുടെ തിരുവോണം ബമ്പര്‍ കോയമ്പത്തൂര്‍ സ്വദേശിക്ക്. അന്നൂര്‍ സ്വദേശി നടരാജനാണ് ഒന്നാം സമ്മാനം. പാലക്കാട്ടെ ഏജന്റ് ഗുരുസ്വാമി ഇയാള്‍ക്കു വിറ്റ 10 ടിക്കറ്റുകളില്‍ ഒന്നിനാണ് 25 കോടി രൂപയുടെ ഭാഗ്യം ലഭിച്ചത്.

🙏തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെചൊല്ലി മദ്യാസക്തിയിലായിരുന്ന സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാളെ വെട്ടിക്കൊന്നു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസ് തിരുവോണം ലോട്ടറി ടിക്കറ്റ് അജിത്തിന്റെ കൈവശം സൂക്ഷിക്കാന്‍ കൊടുത്തിരുന്നു. ടിക്കറ്റ് തിരികേ ചോദിച്ചതോടെയാണ് തര്‍ക്കവും കൊലപാതകവും നടന്നത്.

🙏കരിമണല്‍ കമ്പനിയില്‍നിന്നു മാസപ്പടി കൈപ്പറ്റിയ പട്ടികയിലെ പിവി എന്ന ചുരുക്കപ്പേര് താനല്ലെന്ന നട്ടാക്കുരുക്കാത്ത നുണ പറഞ്ഞ് മുഖ്യമന്ത്രി സ്വയം അപഹാസ്യനായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

🙏പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണി നാളെ തുറക്കും. രാവിലെ 10 ന് രണ്ട് ഷട്ടറുകള്‍ 50 സെന്റീ മീറ്റര്‍ വീതം തുറന്ന് 2.60 ക്യൂമെക്സ് വരെ കുണ്ടളയാറു വഴി മാട്ടുപ്പെട്ടി സംഭരണിയിലേക്ക് ഒഴുക്കി വിടും.

🙏കൊച്ചി മറൈന്‍ ഡ്രൈവ് വാക്ക് വേയില്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ചു വരെ പ്രവേശനം നിരോധിക്കും. മറൈന്‍ ഡ്രൈവ് വൃത്തിയായും സുരക്ഷിതമായും സംരക്ഷിക്കാനാണ് നടപടിയെന്ന് കൊച്ചി മേയര്‍ അനില്‍ കുമാര്‍ അറിയിച്ചു. മറൈന്‍ ഡ്രൈവ് നടപ്പാതയിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും.

🙏ഇടുക്കിയിലെ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ കിടപ്പു സമരം. കെട്ടിടത്തിന് ഫിറ്റ്നസില്ലെന്ന കാരണം പറഞ്ഞ് ഹോസ്റ്റലുകള്‍ അടച്ചു പൂട്ടിയതാണ് സമരത്തിനു കാരണം.

🙏ഫറോഖ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞ ബിഹാര്‍ സ്വദേശി മന്‍ദീപ് ഭാരതി അറസ്റ്റിലായി. കുറ്റിപ്പുറത്ത് ജോലി ചെയ്ത വകയില്‍ കിട്ടാനുള്ള 16,500 രൂപ തരണമെന്ന് ആവശ്യപ്പെട്ടും പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചുമാണ് ട്രെയിന്‍ തടഞ്ഞത്. കാവിക്കൊടി വടിയില്‍ കെട്ടി മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് ട്രെയിനിന് മുന്നില്‍ നിന്നതുമൂലം ട്രെയിന്‍ ഒന്‍പത് മിനുട്ട് വൈകി.

🙏തിരുവനന്തപുരം വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു. സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മാന്‍ഡന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനമാണ് കത്തിയത്. ഡ്രൈവര്‍ കാറില്‍നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

🇳🇪 ദേശീയം 🇳🇪

🙏വനിതാ സംവരണ ബില്‍ ലോക്സഭ ഒറ്റക്കെട്ടായി പാസാക്കി. 454 എംപിമാര്‍ പിന്തുണച്ചു. രണ്ട് എംപിമാര്‍ മാത്രമാണ് എതിര്‍ത്തത്. ലോക്സഭയിലും നിയമസഭയിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യുന്ന ‘നാരിശക്തി വന്ദന്‍ അധിനിയം’ എന്ന ബില്‍ അടുത്ത വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനു ബാധകമാകില്ല. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും പൂര്‍ത്തിയാക്കിയശേഷമേ നടപ്പാക്കൂ.

🙏നരസിംഹറാവു കേസ് വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. നിയമസഭയിലോ ലോക്സഭയിലോ കോഴ വാങ്ങി വോട്ടു ചെയ്യുന്ന എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും നിയമ പരിരക്ഷയുണ്ടെന്ന വിധിയാണ് സുപ്രീം കോടതി 25 വര്‍ഷങ്ങള്‍ക്കുശേഷം പുനഃപരിശോധിക്കുന്നത്. നിലവിലെ പല എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും ഇതു തിരിച്ചടിയാകും.

🙏ലോക്സഭ പാസാക്കിയ വനിതാ സംവരണ ബില്ലിനെതിരേ വോട്ടുചെയ്തത് രണ്ട് എംപിമാര്‍ മാത്രം. ഓള്‍ ഇന്ത്യ മജിലിസ് ഇ ഇത്തേഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി അധ്യക്ഷന്‍ അസദുദീന്‍ ഉവൈസിയും ഇംതിയാസ് ജലീലുമാണ് ബില്ലിനെ എതിര്‍ത്തത്. ന്യൂനപക്ഷങ്ങള്‍ക്കു പ്രത്യേക സംവരണം വേണമെന്ന ഇവരുടെ ആവശ്യം സഭ തള്ളിയിരുന്നു. സവര്‍ണ സ്ത്രീകള്‍ക്കു മാത്രമേ ഗുണം ലഭിക്കൂവെന്ന് ഉവൈസി പറഞ്ഞു.

🇦🇽 അന്തർദേശീയം 🇦🇴

🙏അടുത്ത ജനുവരി 26 നു റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് അതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചു. യുഎസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി അറിയിച്ചതാണ് ഇക്കാര്യം.

🙏പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവയ്ക്കുകയും അവധിയെടുക്കുകയും ചെയ്തതോടെ ആകാശ എയര്‍ലൈന്‍സ് പ്രതിസന്ധിയിലായി. നിരവധി ഫ്ളൈറ്റുകള്‍ വെട്ടിച്ചുരുക്കുകയാണെന്ന് കമ്പനി അറിയിച്ചു.

🙏കാനഡയിലെ ഇന്ത്യാക്കാരും പഠനാവശ്യത്തിന് പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. ഇന്ത്യയിലുള്ള കനേഡിയന്‍ പൗരന്മാര്‍ തിരിച്ചുവരുന്നതാണ് ഉചിതമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതിനു പിറകേയാണ് ഇന്ത്യ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇന്ത്യാവിരുദ്ധ കാര്യങ്ങള്‍ നടക്കുന്ന ഇടങ്ങളിലേക്ക് പോകരുത്. ഏതെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

🏑🏸 കായികം 🏏🥍

🙏2023-24 ഇന്ത്യന്‍ സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ നയിക്കും. ഇവാന്‍ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന പുതിയ സീസണിനുള്ള
ടീമില്‍ 29 അംഗങ്ങളാണുള്ളത്.

🙏ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് ഏഷ്യന്‍ ഗെയിംസിലെ വോളിബോളില്‍ ഇന്ത്യന്‍ ടീമിന്റെ വിജയഗാഥ. നേരത്തെ കംബോഡിയായെ തോല്‍പിച്ച ഇന്ത്യ ഈ വിജയത്തോടെ പൂള്‍ സിയില്‍ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് കടന്നു.

🙏നിലവിലെ ചാമ്പ്യനായ അമേരിക്കയുടെ ഒലീവിയ ഡൊമിനിക് പാറിഷിനെ അട്ടിമറിച്ച് ഇന്ത്യന്‍ ഗുസ്തി താരം അന്തിം പംഗല്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. വനിതകളുടെ 53 കിലോ വിഭാഗത്തിലാണ് അന്തിമിന്റെ വിജയം.

🙏ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് ബൗളര്‍മാരുടെ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രിലങ്കക്കെതിരായ ആറു വിക്കറ്റ് പ്രകടനത്തിനു പിന്നാലെയാണ് റാങ്കിങ്ങിലെ ഇന്ത്യന്‍ താരത്തിന്റെ മുന്നേറ്റം. കരിയറില്‍ രണ്ടാം തവണയാണ് സിറാജ് റാങ്കിങ്ങില്‍ ഒന്നാമതാകുന്നത്.