ഇടുക്കി . അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് തമിഴ്നാട് വനം വകുപ്പ്. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ മേഖലയിലാണ് കൊമ്പൻ നിലവിലുള്ളത്. അരികൊമ്പൻ കേരള അതിർത്തിയിലേക്ക് ഉടൻ എത്താനുള്ള സാധ്യതയില്ലെന്ന് വനമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
അപ്പർ കോതയാറിൽ നിന്ന് ഇന്നലെ വൈകിട്ട് തമിഴ്നാട് വനപാലകർ പകർത്തിയ ദൃശ്യങ്ങളാണിത്. കേരള അതിർത്തിയിൽ നിന്ന് ആകാശദൂരം 14 കിലോമീറ്റർ അകലെയാണ് നിലവിൽ അരിക്കൊമ്പനുള്ളത്. ഇവിടെനിന്ന് മണിമുത്താർ ഡാമിന് സമീപത്തേക്കാണ് കൊമ്പന്റെ സഞ്ചാരം. ആന കേരളത്തിലേക്ക് എത്തില്ലെന്നും, കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ സുരക്ഷിതൻ ആണെന്നും തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കുന്നു. അരിക്കൊമ്പൻ കേരള അതിർത്തി കടന്ന് എത്തുമെന്ന പ്രചരണം തെറ്റാണെന്ന് വനമന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു.
അരികൊമ്പൻ നിൽക്കുന്ന സ്ഥലത്തുനിന്ന് 7 കിലോമീറ്റർ അകലെ ജനവാസ മേഖലയാണ്. ഇവിടേക്ക് ആന എത്താതിരിക്കാൻ തമിഴ്നാട് വനവകുപ്പിന്റെ കൃത്യമായ നിരീക്ഷണം ഉണ്ട്. പ്രത്യേക വനപാലസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്നും തമിഴ്നാട്ടിലെ വനമേഖലയോട് ഇണങ്ങി എന്നും വ്യക്തമാക്കുന്നതിന് കൂടി വേണ്ടിയാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്