വയനാട്. കമ്പളക്കാട് നിന്ന് കാണാതായ മാതാവിനെയും അഞ്ചു കുഞ്ഞുങ്ങളെയും കണ്ടെത്തി. കമ്പളക്കാട് കൂടോത്തുമ്മലിൽ വിമിജയെയും മക്കളെയുമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് കണ്ടെത്തിയത്. യുവതിയെയും കുട്ടികളെയും കമ്പളക്കാട് പൊലീസിന് കൈമാറി. ഇവരെ നാളെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കും
വിമിജ, മക്കളായ വൈഷ്ണവ്, വൈശാഖ്,
സ്നേഹ, അഭിജിത്ത്, ശ്രീലക്ഷ്മി എന്നിവരെയാണ് ഈ മാസം 18 മുതൽ കാണാതായത്. ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് പോവുകയാണെന്നായിരുന്നു യുവതി അറിയിച്ചത്. ചേളാരിയിൽ എത്തിയില്ലെന്ന് മനസിലായതോടെ ഭർത്താവ് ജെഷി ഇവർ പോകാനിടയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടത്തി. ഇന്നലെ വൈകുന്നേരത്തോടെ കമ്പളക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയിരുന്നില്ല. തുടർന്ന് ഇന്ന് വൈകുന്നേരം 7 മണിയോടെ ഗുരുവായൂർ ക്ഷേത്ര പരിസരത്തുനിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്. ഭർത്താവും ബന്ധുക്കളും ഉപദ്രവിച്ചതിനാൽ ആണ് വീട് വിട്ടു പോയതെന്ന് വിമജ പറഞ്ഞു.
വീടുവിട്ടിറങ്ങിയ വിമജ ആദ്യം എത്തിയത് പറശ്ശിനിക്കടവ് ആയിരുന്നു. പിന്നീട് രാമനാട്ടുകരയിലെ ബന്ധുവിന്റെ വീട്ടിലെത്തി. ബന്ധുവിന്റെ കൈയിൽനിന്ന് പണം വാങ്ങി വീണ്ടും പറശ്ശിനിക്കടവെത്തി. നാട്ടുകാരിൽ നിന്ന് പണം വാങ്ങി ഷൊർണൂരിലെ ബന്ധുവിന്റെ വീട്ടിലേക്ക് . അവിടെനിന്ന് പണം വാങ്ങി തൃശ്ശൂരിൽ എത്തിയ വിമജയും കുട്ടികളും ബസ്മാർഗ്ഗമാണ് ഗുരുവായൂരിൽ എത്തിയത്. നേരത്തെ പോലീസ് കൈമാറി വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ പോലീസ് ഇവരെ തിരിച്ചറിയുകയായിരുന്നു. പിന്നീട് ക്ഷേത്രത്തിലെ കൺട്രോൾ റൂമിൽ എത്തിച്ച വിവരങ്ങൾ തിരക്കി ഭക്ഷണം വാങ്ങി നൽകി. കമ്പളക്കാട് പോലീസിന് കൈമാറിയ കുട്ടികളെയും അമ്മയെയും നാളെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കും.