കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളില്‍ ഉച്ചക്കുശേഷം പെയ്തത് അതി തീവ്ര മഴ, രണ്ടിടത്ത് ഉരുൾപൊട്ടി

Advertisement

കോട്ടയം. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളില്‍ ഉച്ചക്കുശേഷം പെയ്ത അതി തീവ്ര മഴയില്‍ തീക്കോയിപഞ്ചായത്തിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ഈരാറ്റുപേട്ട വാഗമൺ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
അപകട സാഹചര്യം കണക്കിലെടുത്ത് മലയോര മേഖലയിലേക്കുള്ള രാത്രി യാത്രയ്ക്ക് ജില്ലാ കളക്ടർ പൂർണ്ണ നിരോധനം ഏർപ്പെടുത്തി.

കിഴക്കൻ മലയോരത്ത് ഉച്ചക്ക് രണ്ടു മണിയോടെ ആരംഭിച്ച മഴ വൈകുന്നേരത്തോടെ ശക്തി പ്രാപിച്ചു.
മൂന്ന് മണിക്കൂറോളം നിർത്താതെ പെയ്ത മഴയിൽ തീക്കോയിയിൽ രണ്ടിടത്ത് ഉരുൾപൊട്ടി

ജനവാസ മേഖലകളായ ഇഞ്ചിപ്പാറയിലും, ആനിപ്ലാവിലുമുണ്ടായ ഉരുൾപൊട്ടലുകളിൽ ആളപായമില്ല. ഈരാറ്റുപേട്ട വാഗമൺ റോഡിൽ മംഗള ഗിരിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു.
റോഡിലേക്ക് വീണ കല്ലും മണ്ണും മരങ്ങളും ഫയർഫോഴ്സും പോലീസും ചേർന്ന് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

അപകടസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള രാത്രി യാത്രയ്ക്ക് കളക്ടർ നിരോധനം ഏർപ്പെടുത്തി.ഉരുൾപൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും സാഹചര്യത്തിൽ തീക്കോയി പഞ്ചായത്തിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. മീനച്ചിലാറിന്റെ കൈവഴികൾ നിറഞ്ഞൊഴുകിയെങ്കിലും മഴ കുറഞ്ഞതോടെ ജല നിരപ്പ് താഴ്ന്നു തുടങ്ങി.
ജില്ലയിൽ പരക്കെ നേരിയ മഴ തുടരുകയാണ്.

Advertisement