കോവിഡ് മരണം: മലയാളി ആരോഗ്യപ്രവർത്തകയ്ക്ക് ഒരു കോടി നഷ്ടപരിഹാരം

Advertisement

ന്യൂ‍ഡൽഹി: ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളി ആരോഗ്യപ്രവർത്തകയുടെ കുടുംബത്തിനു ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി വിധിച്ചു. ഡൽഹി മെഡിയോർ ആശുപത്രിയിലെ (നേരത്തെ റോക്‌ലാൻഡ്) രക്തബാങ്ക് മാനേജരായിരുന്ന പത്തനംതിട്ട സ്വദേശിനി റേച്ചൽ ജോസഫിന്റെ കുടുംബത്തിനു ഡൽഹി സർക്കാർ ഒരു കോടി രൂപ നൽകണമെന്നാണു വിധി. 2020 ജൂണിൽ ആദ്യ തരംഗത്തിനിടെ കോവിഡ് പോസിറ്റീവായാണു റേച്ചൽ മരിച്ചത്.

കോവിഡ് ജോലിക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവ‍ർത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നൽകുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും മെഡിയോറിലെ ബ്ലഡ് ബാങ്ക് ക്വാളിറ്റി മാനേജർ ആൻഡ് സൂപ്പർവൈസറായിരുന്ന റേച്ചലിനെ കോവിഡ് ജോലിക്കു നിയോഗിച്ചില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. ഇതിനെതിരെ റേച്ചലിന്റെ ഭർത്താവ് ജോസഫ് വർഗീസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നഷ്ടപരിഹാരം നൽകാനാകില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിന്നു. ബ്ലഡ് ബാങ്കിന്റെ ചുമതലയിലുണ്ടായിരുന്ന റേച്ചലിനെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചില്ല, ബ്ലഡ് ബാങ്ക് പ്രവർത്തനം കോവിഡ് ചികിത്സയിൽ വരില്ല തുടങ്ങിയ വാദങ്ങളും സർക്കാർ ആവർത്തിച്ചു. തുടർന്നു കുടുംബം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.

കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചിരിക്കെ ജീവനക്കാരെല്ലാം കോവിഡ് പോരാളികളാകും, രക്തബാങ്കിന്റെ പ്രവ‍ർത്തനം പ്രധാനമായ പ്ലാസ്മ ചികിത്സ ഡൽഹി ആരോഗ്യമന്ത്രി ഉൾപ്പെടെ സ്വീകരിച്ചതാണ് തുടങ്ങിയ വാദങ്ങൾ ഹർജിക്കാരനു വേണ്ടി മനോജ് വി.ജോർജ്, ശിൽപ ലിസ ജോർജ് എന്നിവർ ഉന്നയിച്ചു.

മൂന്നാംവട്ട ഹർജിയിൽ വീണ്ടും കോടതി അഭിപ്രായം തേടിയതോടെ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചു. ഇത് അംഗീകരിച്ചാണു ഹൈക്കോടതി അനുകൂല ഉത്തരവു പുറപ്പെടുവിച്ചത്.

Advertisement