രണ്ടാം വന്ദേഭാരതിന്റെ സുരക്ഷയ്ക്ക് 40 ക്യാമറ, കൂടുതൽ ആർപിഎഫ് ഉദ്യോഗസ്ഥർ; ഇനി കാസർകോടിന്റെ മുഖം മാറും

Advertisement

കാസർകോട്: പുതുതായി അനുവദിച്ച കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ്ഓഫ് ചടങ്ങ് ആവശമാക്കാനൊരുങ്ങി കാസർകോട്. രാജ്യത്തെ വിവിധ റൂട്ടുകളിലായി അനുവദിച്ച ഒൻപത് വന്ദേഭാരത് സർവീസുകൾ മറ്റന്നാൾ ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്യും.

ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ്ഓഫ് തിരുവനന്തപുരത്തായിരുന്നുവെങ്കിൽ ഇത്തവണ കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആരംഭം. ഫ്ലാഗ്ഓഫിനു ശേഷം തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനിന് 12 സ്റ്റേഷനുകളിൽ സ്വീകരണം നൽകുന്നുണ്ട്. പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം തിരുവനന്തപുരത്തെത്തും.

ആഴ്ചയിൽ ഒരു ദിവസം അറ്റക്കുറ്റപ്പണിക്കായി എടുക്കുന്നതിനാൽ തിങ്കളാഴ്ച തിരുവനന്തപുരം– കാസർകോട് റൂട്ടിലും ചൊവ്വാഴ്ച കാസർകോട് –തിരുവനന്തപുരം റൂട്ടിലും ട്രെയിൻ സർവീസ് ഉണ്ടായേക്കില്ല. ഉദ്ഘാടന ദിവസവും പിറ്റേ ദിവസവും യാത്രക്കാർക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യാനാവില്ല. ജനപ്രതിനിധികളും ക്ഷണിക്കപ്പെട്ടവരും മാത്രമാണ് ആദ്യ ദിവസം യാത്ര ചെയ്യുക. ടിക്കറ്റെടുത്തുള്ള യാത്ര സർവീസ് 26നാണ് തുടങ്ങുക.

രാത്രി 11.55ന് കാസർകോട് എത്തുന്ന വന്ദേഭാരത് ട്രെയിൻ ഏഴ് മണിക്കൂറോളം പിന്നീട് നിർത്തിയിടുന്നത് കാസർകോട് സ്റ്റേഷന്റെ മൂന്നാം പ്ലാറ്റ്ഫോമിലാണ്. ഒട്ടേറെ ട്രെയിനുകളിൽ കടന്നു പോകുന്നതിനാൽ ഒന്നും രണ്ടും ട്രാക്കുകളിൽ രാത്രിയിൽ ട്രെയിൻ നിർത്തിയിടാനാകില്ല. മൂന്നാമത്തെ ട്രാക്കിന്റെ ഒരു ഭാഗം റോഡിനോടു ചേർന്നാണ്. ഇത് സുരക്ഷാ പ്രശ്നമുണ്ടാക്കുമോ എന്ന ആശങ്ക പരിഹരിക്കാൻ ഇവിടെ 40 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ആർപിഎഫിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യും.

കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിലവിൽ വെള്ളം നിറയ്ക്കുന്നതിനുള്ള സംവിധാനം ഉണ്ട്. ചെറിയ രീതിയിലുള്ള അറ്റക്കുറ്റപ്പണികൾക്കായും ഇവിടെ തന്നെ സംവിധാനം ഒരുക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. മംഗളൂരുവിൽ നിന്നുള്ള മൊക്കാനിക്കൽ ജീവനക്കാരെ താൽക്കാലികമായി ഇവിടെ താമസിപ്പിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നു. റെയിൽവേ പാലക്കാട് ഡിവിഷൻ മാനേജർ ഉൾപ്പെടെയുള്ള സംഘം ഇന്നലെ കാസർകോട് എത്തിയിരുന്നു. സ്റ്റേഷനും പരിസരവും ട്രാക്കും വൃത്തിയാക്കുകയും ചെയ്തു.

ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി കാത്തിരുന്നിട്ടും മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ രണ്ടാം വന്ദേഭാരത് എത്താത്തതിൽ പരിഭവത്തിലാണ് മംഗളൂരുവിലെ യാത്രക്കാരും റെയിൽവേ ഉദ്യോഗസ്ഥരും. 25ഓളം റെയിൽവേ ജീവനക്കാരും 15ഓളം സാങ്കേതിക വിദഗ്ധരും ചെന്നൈ ഐസിഎഫിൽ (ഇന്റഗ്രൽ കോച്ച് ഫാക്ടറി) പോയി പരിശീലനം നേടിയിട്ടും വന്ദേഭാരത് ട്രെയിൻ മംഗളൂരുവിലേക്ക് എത്തിയില്ല. ട്രെയിനിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ അത് പരിഹരിക്കാനായി 25,000 വോൾട്ട് വൈദ്യുതി കടത്തിവിട്ട് മൂന്നാമത്തെ പിറ്റ് ലൈനും സജ്ജമാക്കിയിരുന്നു.

അതിനിടെയാണ് വന്ദേഭാരത് ട്രെയിൻ മംഗളൂരുവിലേക്ക് സർവീസ് നടത്തുന്നില്ല എന്ന അറിയിപ്പ് വന്നത്. ഇത് ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി മംഗളൂരുവിലേക്ക് വന്ദേഭാരത് ട്രെയിൻ നീട്ടി രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമമാണെന്നും ആരോപണമുണ്ട്. വന്ദേഭാരത് അധികം താമസിയാതെ മംഗളൂരുവിലേക്കു നീട്ടാനുള്ള സാധ്യതയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

രാവിലെ ഏഴിനു പുറപ്പെട്ട് വൈകിട്ട് 3.05ന് തിരുവനനന്തപുരത്തെത്തുകയും അവിടെ നിന്ന് വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.55ന് കാസർകോട് എത്തുകയും ചെയ്യുന്ന രീതിയിലാണ് നിലവിൽ സമയം ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ എന്നിവിടങ്ങളിൽ രാവിലെ 10.30ന് മുൻപെത്താനും തിരിച്ച് രാത്രി 12ന് കാസർകോട് എത്താനും സാധിക്കുന്ന രീതിയിലാണ് നിലവിലെ സമയക്രമം.

കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതിയിൽ ഉച്ചയ്ക്കു മുൻപേ എത്തുന്നതിനും ട്രെയിൻ സഹായകരമാവും. നിലവിൽ തലേന്നു രാത്രി പോവുകയാണ് പതിവ്. വൈകിട്ട് അഞ്ചിനു ശേഷം രാത്രി 10 വരെ കോഴിക്കോട് നിന്ന് കാസർകോട് ഭാഗത്തേക്ക് ഒരു ട്രെയിനുകളും ഇല്ലാത്തതിനാൽ ഈ സമയത്തും യാത്രക്കാർക്കു വന്ദേഭാരത് ട്രെയിൻ ഗുണകരമാകും. നേരത്തേയുള്ള വന്ദേഭാരതിൽ 16 റേക്കുകളാണെങ്കിൽ പുതിയതിൽ 8 റേക്ക് മാത്രമാണ് ഉണ്ടാവുക.

Advertisement