നിയമനം കുടുംബവുമായി ആലോചിക്കാതെ, സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന സങ്കട ഹർജിയുമായി മധുവിന്‍റെ അമ്മ

Advertisement

കൊച്ചി: അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതക കേസിൽ സർക്കാർ നിയമിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മധുവിന്‍റെ അമ്മ മല്ലിയമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹർജി നൽകി. കുടുംബവുമായി ആലോചിക്കാതെയാണ് നിയമനമെന്നാണ് പരാതി. അഭിഭാഷകനായ കെ പി സതീശന് പകരം അഡ്വക്കറ്റ് പി വി ജീവേഷിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കണമെന്നും ആവശ്യപ്പെട്ടു. ഇ മെയിൽ വഴിയാണ് മല്ലിയമ്മ ചീഫ് ജസ്റ്റിസിനെ ഇക്കാര്യം അറിയിച്ചത്.

കേസിൽ ഏഴു വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 13 പ്രതികൾ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിലെ തുടർ നടപടികൾക്കാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. അതേസമയം എല്ലാവരുമായി ആലോചിച്ചാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതെന്നാണ് സർക്കാർ വിശദീകരണം.

മധു കൊലപാതക കേസിൽ 16 പ്രതികളിൽ 13 പ്രതികൾക്കും ഏഴ് വർഷം കഠിന തടവാണ് മണ്ണാർക്കാട് എസ് സി / എസ് ടി കോടതി വിധിച്ചത്. ഒന്നാം പ്രതി ഹുസൈൻ 1,05,000 രൂപയും മറ്റു പ്രതികൾ 1,18, 000 രൂപയും പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. പിഴത്തുകയില്‍ പകുതി മധുവിന്റെ അമ്മയ്ക്ക് നൽകണമെന്നുമായിരുന്നു കോടതി വിധി. 16ാം പ്രതി മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.