അഴീക്കോട് സഹകരണ ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 60പവന്‍ സ്വര്‍ണം കാണാതായി: പരാതി നല്‍കി വീട്ടമ്മ

Advertisement

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബാങ്ക് ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് പരാതി. കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയില്‍ സൂക്ഷിച്ചിരുന്ന 60 പവനോളം തൂക്കം വരുന്ന സ്വര്‍ണമാണ് കാണാതായത്. ബംഗളൂരുവില്‍ താമസിക്കുന്ന സുനിത എന്ന സ്ത്രീയാണ് തന്റെ സ്വര്‍ണം കാണാനില്ലെന്ന് കാട്ടി പരാതി നല്‍കിയത്. 2022 ഒക്ടോബറില്‍ ലോക്കറില്‍ കൊണ്ടുവെച്ച സ്വര്‍ണാഭരണങ്ങള്‍, ഈയിടെ നടത്തിയ പരിശോധനയിലാണ് കാണാനില്ലെന്ന് വ്യക്തമായത്.

എന്നാല്‍, കര്‍ശന സുരക്ഷാസംവിധാനമുള്ള ബാങ്ക് ലോക്കറില്‍ നിന്ന് സ്വര്‍ണം മോഷണം പോയതെങ്ങനെയെന്ന് വ്യക്തമല്ല. അക്കൗണ്ട് ഉടമയുടെ കൈവശമുള്ള താക്കോലിനൊപ്പം ബാങ്ക് മാനേജര്‍ സൂക്ഷിക്കുന്ന മാസ്റ്റര്‍ കീയും പ്രയോഗിച്ചാല്‍ മാത്രമാണ് ലോക്കര്‍ തുറക്കാനാവുക. ഇതിനാല്‍ സ്വര്‍ണം നഷ്ടമായതെങ്ങനെയെന്ന് വ്യക്തമല്ല.

അതേസമയം, ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കാണാതായെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതരും പോലീസില്‍ പരാതി നല്‍കി.

Advertisement