തിരുവനന്തപുരം .അഭിനയത്തികവും തിളക്കമാര്‍ന്നവ്യക്തിത്വവുംകൊണ്ട് മലയാള സിനിമയുടെ കാരണവസ്ഥാനമലങ്കരിക്കുന്ന മലയാളത്തിൻ്റെ മഹാനടൻ മധുവിന് ഇന്ന് നവതി. ജന്മദിനങ്ങൾ ആഘോഷിക്കുന്ന പതിവ് തനിക്കില്ലെന്ന് മധു മാധ്യമങ്ങളോട് പറഞ്ഞു. സ്നേഹിക്കുന്നവരെത്തി തൻ്റെ നവതി ആഘോഷിക്കുന്നതിൽ സന്തോഷമുണ്ടെന്നും, അവർക്ക് തന്നോടുള്ള സ്നേഹമാണ് പ്രകടിപ്പിക്കുന്നതെന്നും മധു. പ്രേംനസീറിനെയും സത്യനെയും പോലെ ഒന്നിച്ച അഭിനയിച്ച പ്രതിഭകൾ തനിക്ക് തന്ന പ്രോത്സാഹനം മറക്കാനാവില്ല, പുതിയ കാലത്തെ ചലച്ചിത്ര പ്രവർത്തകർ സിനിമയെ സ്നേഹിക്കണമെന്നും മധു ഓര്‍മ്മപ്പെടുത്തി.
കലണ്ടർ പ്രകാരം സെപ്റ്റംബർ 23നാണ് ജന്മദിനം. നവതി ആശംസയുമായി നിരവധി പേർ അദേഹത്തെ കാണാനെത്തുന്നു. ഫോണിൽ വിളിച്ച് ആശംസ അറിയിക്കുന്നു .
ഒന്നോരണ്ടോ സിനിമകളില്‍ തലകാണിക്കുകയോ ശ്രദ്ധേയമായ ഒരു വേഷം കിട്ടുകയോ ചെയ്യുമ്പോള്‍ തലക്കനംമൂലം നടക്കാന്‍ പോലുമാകാത്ത ഇന്നത്തെ നടന്മാര്‍ക്കുമുന്നിലാണ് ഘനഗംഭീരനായി വ്യക്തിപ്രഭാവത്താല്‍ ഇപ്പോഴും തിളക്കത്തോടെ മധുനില്‍ക്കുന്നത്. കല എന്നത് ഒരു കച്ചവടച്ചരക്കല്ലെന്നും പ്രശസ്തി ഇഞ്ചോടിഞ്ച് വിറ്റ് സമ്പാദിക്കാനുള്ള തല്ലെന്നും മധുവിന്‍റെ തലമുറ ഓര്‍മ്മിപ്പിക്കുന്നു.
നവതി നിറവിലെത്തിയ മലയാളത്തിന്റെ മഹാനടൻ മധുവിന് സംസ്ഥാന സർക്കാരിൻ്റെ ആദരവുമായി സാംസ്കാരിക മന്ത്രി എത്തി.
തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തിയാണ് മന്ത്രി സജി ചെറിയാൻ മധുവിനെ ആദരിച്ചത്. മലയാള സിനിമയ്ക്ക് സ്വന്തമായി മേൽവിലാസം ഉണ്ടാക്കിയ മഹാരഥനാണ് മധുവെന്ന് സജി ചെറിയാൻ പറഞ്ഞു. മധുവിനെ ആദരിക്കാനായി സാംസ്കാരിക വകുപ്പ് പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി സജി ചെറിയാനെത്തിയത് ഔദ്യോഗികമായി സർക്കാരിൻ്റെ പിറന്നാൾ ആദരം നൽകാനാണ് ഉപഹാരമായി ഒരു ലക്ഷം രൂപയും ലൂമിയർ ബ്രദേഴ്സ് രൂപകൽപ്പന ചെയ്ത ആദ്യകാല മൂവീ ക്യാമറയുടെ മാതൃകയും മന്ത്രി അദ്ദേഹത്തിന് കൈമാറി…
എല്ലാ അർത്ഥത്തിലും മലയാള സിനിമയുടെ കാരണവർ തന്നെയാണ് മധുവെന്ന് സജി ചെറിയാൻ. തന്നെക്കുറിച്ച് ഇത്രയൊക്കെ പറയാനുണ്ടോ എന്നായിരുന്നു മധുവിന്റെ നർമ്മം കലർന്ന ചോദ്യം.ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവരും അദ്ദേഹത്തിന് ആശംസ നേർന്നു.