അടൂരില്‍ കടകളുടെ ഭിത്തിതുരന്ന് കവര്‍ച്ച: മോഷ്ടാക്കളെ പിടികൂടാനാകാതെ പോലീസ്

Advertisement

പത്തനംതിട്ട അടൂരില്‍ കടകളുടെ ഭിത്തിതുരന്ന് കവര്‍ച്ച നടത്തുന്ന സംഘത്തെ പിടികൂടാനാകാതെ പൊലീസ്. കഴിഞ്ഞദിവസം മണക്കാലയില്‍ നടന്നതിന് സമാനമായി അടൂര്‍ നഗരത്തിലും  കവര്‍ച്ച നടന്നതോടെ പ്രതിഷേധവുമായി വ്യാപാരികളും രംഗത്തെത്തി.
പകല്‍ കടനോക്കിവച്ച് രാത്രി കവര്‍ച്ച നടത്തുന്നതാണ് രീതിയെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം മണക്കാലയിലും, വ്യാഴാഴ്ച രാത്രി അടൂരിലും കവര്‍ച്ച നടത്തിയത് ഒരേ സംഘമാണ്. വെട്ടുകല്ല് കൊണ്ട് ഭിത്തികെട്ടിയ പഴയ കെട്ടിടങ്ങളുടെ ചുവരാണ് തുരന്നു കയറിയത്. മണക്കാലയില്‍ സ്റ്റേഷനറി കടയുടെ ഭിത്തിയാണ് തുരന്നത്. പണവും സാധനങ്ങളും അപഹരിച്ചു. അടൂരില്‍ പച്ചക്കറിക്കടകളുടെ ഭിത്തി തുരന്നാണ് മേശയിലെ പണം കവര്‍ന്നത്. തുരക്കാന്‍ പറ്റാത്ത കടയുടെ പൂട്ടുതകര്‍ത്തു. സമീപത്തെ കടകളിലേക്കും ഭിത്തി തുരന്ന് കയറാന്‍ ശ്രമം നടന്നു.
പണം നഷ്ടപ്പെടുന്നത് മാത്രമല്ല. ഭിത്തികളുടെ അറ്റകുറ്റപ്പണിക്കും  ചെലവ് വരുന്നതായും വ്യാപാരികള്‍ പറയുന്നു. പഴയ കെട്ടിടങ്ങളുടെ ഭിത്തികളുടെ ബലക്കുറവ് കാരണമാണ് ഇത്തരം കടകള്‍ കവര്‍ച്ചക്കാര്‍ തിരഞ്ഞെടുക്കുന്നതെന്നാണ് നിഗമനം. കടകളിലെ സിസിടിവി ക്യാമറകള്‍ അടക്കം കള്ളന്‍മാര്‍ കൊണ്ടുപോകുന്നുണ്ട്.

Advertisement