കായലിന് കുറുകെയുള്ള ഏറ്റവും നീളമുള്ള പെരുമ്പളം പാലം യാഥാര്‍ഥ്യമാകാനൊരുങ്ങുന്നു. വേമ്പനാട് കായലാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി സുന്ദരമായ പെരുമ്പളം ദ്വീപിനെ വടുതലയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണ ജോലികള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. അര നൂറ്റാണ്ട് കാലമായുള്ള ദീപിലെ ജനങ്ങളുടെ സ്വപ്‌നമാണ് ഒരു കിലോമീറ്ററിലധികം നീളമുള്ള പാലത്തിലൂടെ പൂവണിയുന്നത്.
ചേര്‍ത്തലയില്‍ നിന്ന് 19 കിലോമീറ്റര്‍ പിന്നിട്ടാല്‍ പാണാവള്ളി എത്തും. പിന്നെ ബോട്ടില്‍ വേമ്പനാട്ട് കായല്‍ കടന്നാല്‍ പെരുമ്പളം ദ്വീപില്‍ എത്താം. കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ് പെരുമ്പളം. ഈ ദ്വീപില്‍ താമസിക്കുന്നത് മൂവായിരം കുടുംബങ്ങളാണ്. ബോട്ടോ ജങ്കാറോ മാത്രമാണ് പുറം ലോകത്തേക്കുള്ള ഏക ആശ്രയം. 15 വര്‍ഷം മുമ്പ് ഈ സൗകര്യം പോലുമില്ലായിരുന്നു. ഒടുവില്‍ 2019-ല്‍ പെരുമ്പളത്തെ പാണാവള്ളിയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് അനുമതിയായി.