വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 19 ലക്ഷം രൂപ തട്ടി

Advertisement

കോഴിക്കോട്. മീഞ്ചന്ത സ്വദേശിയായ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 19 ലക്ഷം രൂപ തട്ടിയ കേസിൽ അന്വേഷണം ഊർജിതമാക്കി പന്നിയങ്കര പൊലീസ്. വീട്ടമ്മയുടെ ആദ്യത്തെ ഫോൺ നമ്പർ നിലവിൽ ഉപയോഗിക്കുന്ന ആളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും പൊലീസ് വിലയിരുത്തുന്നു.

ആറു വർഷം മുൻപ് പരാതിക്കാരി ഉപേക്ഷിച്ച നമ്പറിലെ ഗൂഗിൾ പേ വഴിയാണ് അജ്ഞാതൻ 19 ലക്ഷം രൂപ തട്ടിയത്. ഈ മൊബൈൽ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്ന ആളെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. ഇയാൾ അസം സ്വദേശിയാണെന്നാണ് വിലയിരുത്തൽ. വീട്ടമ്മയുടെ കുടുംബം ഈ നമ്പറിൽ വിളിച്ചപ്പോൾ കോൾ എടുത്തെങ്കിലും പ്രതികരിച്ചിരുന്നില്ല. പിന്നാലെ, മറ്റൊരു നമ്പറിൽ നിന്ന് ഭീഷണി കോൾ വരികയും ചെയ്തു. സൈബർ സെല്ലിന്റെ സഹായത്തോടെ ഈ നമ്പർ ട്രെയ്സ് ചെയ്യാനും പൊലീസ് ശ്രമം തുടങ്ങി. അതിനിടെ, വീട്ടമ്മയ്ക്ക് അക്കൗണ്ടുള്ള ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ നാളെ പൊലീസ് പരിശോധന നടത്തും. അക്കൗണ്ട് ഉടമയുടെ 6 മാസത്തെ പണമിടപാട് വിവരങ്ങൾ നൽകാൻ ബാങ്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇടപാടുകൾ പരിശോധിച്ച ശേഷമാകും തുടർ നടപടികൾ. ബാങ്കിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതായാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.