കൊടുവള്ളിയിൽ പെട്രോൾ പമ്പിൽ കവർച്ച, സംഘത്തെ മണിക്കൂറുകൾക്കകം പിടികൂടി

Advertisement

കോഴിക്കോട്. കൊടുവള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് കവർച്ച നടത്തിയ സംഘത്തെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ടംഗ സംഘത്തെ കൊടുവള്ളി പൊലീസ് പിടികൂടിയത്. ഇന്നലെ പട്ടാപ്പകലാണ് സ്വർണവും പണവുമായി സംഘം മുങ്ങിയത്.

ദേശീയ പാതയോരത്ത് വെണ്ണക്കാടുള്ള പെട്രോൾ പമ്പിലാണ് ഇന്നലെ ഉച്ചയോടെ മോഷണം നടന്നത്. പമ്പിനുള്ളിൽ സൂക്ഷിച്ച ജീവനക്കാരിയുടെ ബാഗിൽ നിന്ന് ഒന്നേകാൽ പവന്റെ മാലയും മൂവായിരം രൂപയും കവർന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബാഗ് എടുത്തപ്പോഴാണ് ജീവനക്കാരി മോഷണവിവരം അറിയുന്നത്. തുടർന്ന് സിസിടിവി പരിശോധിച്ചു. ഇതിൽ നിന്ന് ചെറുപ്പക്കാരായ രണ്ടുപേരുടെ ദൃശ്യങ്ങൾ ലഭിച്ചു. ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കൊടുവള്ളി പൊലീസ്, സിസിടിവി ദൃശ്യങ്ങളിൽ കണ്ട ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. തുടർന്നാണ്, ഈങ്ങാപ്പുഴ സ്വദേശിയായ നൗഫലിനേയും 17 കാരനെയും പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് സ്വർണമാലയും പണവും പൊലീസ് കണ്ടെടുത്തു.