കെ ജി ജോർജ്; കാലത്തിന് മുന്നിൽ സഞ്ചരിച്ച സംവിധായകൻ

Advertisement

തിരുവല്ല: മലയാള സിനിമയിലെ കലാമൂല്യവും ജനപ്രീതിയും ഒരുമിച്ച് അരങ്ങുവാണിരുന്ന എഴുപത്-തൊണ്ണൂറുകളിലെ സംവിധാന പ്രതിഭയായിരുന്നു കെ ജി ജോര്‍ജ്. മലയാള സിനിമയിലെ ആദ്യ ക്യാമ്പസ് സിനിമയെന്ന വിശേഷിപ്പിക്കാവുന്ന ഉൾക്കടൽ, മലയാള സിനിമയിലെ ആദ്യ ഹാസ്യചിത്രമെന്ന വിശേഷിപ്പിക്കാവുന്ന, കാലത്തിന് മുന്‍പേ സഞ്ചരിച്ച ‘പഞ്ചവടിപ്പാലം’ തുടങ്ങിയവ സിനിമാ ചരിത്രത്തില്‍ എന്നെന്നേക്കുമായി അടയാളപ്പെടുത്താന്‍ കഴിഞ്ഞ ജീവിതം. അതായിരുന്നു കെ ജി ജോര്‍ജ്. ഏത് കഥയിലും ഏത് കഥാപാത്രത്തിലും തന്റേതായ ശൈലിയും രീതിയും അഭ്രപാളികളില്‍ എത്തിച്ചായിരുന്നു കെ ജി ജോര്‍ജിന്റെ ഓരോ ചിത്രവും പിറന്നത്.
നവമലയാള സിനിമയുടെ പിതാവായി കാണുന്ന കെ ജി ജോര്‍ജ് എന്നും സിനിമാ വിദ്യാര്‍ത്ഥികള്‍ക്കൊരു മുതല്‍ക്കൂട്ടായിരുന്നു എന്നത് നിസംശയം പറയാം. പത്മരാജന്‍, ഭരതന്‍ ശ്രേണിയില്‍ മൂന്നാമത്തെ പേരായി എഴുതിച്ചേര്‍ത്ത കെ ജി ജോര്‍ജിനെ മലയാള സിനിമയുള്ളിടത്തോളം കാലം പ്രേക്ഷകര്‍ വിസ്മരിക്കില്ല.
1946 മേയ് 24ന് കെ.ജി സാമുവലിന്റേയും അന്നാമ്മയുടേയും മകനായി തിരുവല്ലയിലാണ് കെജി ജോര്‍ജ് ജനിച്ചത്. കുളക്കാട്ടില്‍ ഗീവര്‍ഗ്ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. 1968ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും 1971ല്‍ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി. 1972ല്‍ രാമു കാര്യാട്ടിന്റെ ‘മായ’ എന്നചിത്രത്തിന്റെ സംവിധാന സഹായിയായി സിനിമാ ജീവിതത്തിലേക്ക് കാലെടുത്തുവച്ചു. രാമുകാര്യാട്ട് സംവിധാനം ചെയ്ത 1974ലെ ‘നെല്ലിന്റെ തിരക്കഥാകൃത്ത് എന്ന നിലയില്‍ ആസ്വാദകരുടേയും നിരൂപകരുടേയും ശ്രദ്ധനേടി കെ ജി ജോര്‍ജ്.
1975ൽ മുഹമ്മദ് ബാപ്പു നിർമ്മിച്ച ‘സ്വപ്നാടനം’ എന്ന സിനിമ സംവിധാനം ചെയ്ത കൊണ്ടാണ് കെ ജി ജോർജ് മലയാള ചലച്ചിത്ര ലോകത്തേക്ക് പൂർണ സംവിധായകനായി എത്തുന്നത്. കേരളത്തിലെ ആദ്യസൈക്കോളജിസ്റ്റായ പ്രൊഫ.ഇളയിടത്ത് മുഹമ്മദിന്റെ കഥയ്ക്ക് കെ.ജി.ജോർജും പമ്മനും ചേർന്ന് തിരക്കഥയൊരുക്കി. ആ വർഷത്തെ ഏറ്റവും മികച്ച തിരക്കഥയ്ക്കും മികച്ച ചലച്ചിത്രത്തിനുമുള്ള കേരള സംസ്ഥാനസിനിമ പുരസ്‌കാരവും ഏറ്റവും മികച്ച മലയാളസിനിമയ്ക്കുള്ള ദേശീയ അവാർഡും ആ ചിത്രം നേടി. ഉൾക്കടൽ, കോലങ്ങൾ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, കഥയ്ക്കുപിന്നിൽതുടങ്ങിയവയാണ് പ്രധാന സിനിമകൾ.