തിരുവനന്തപുരം: വിഎസ്എസ്‌സിയിലേക്ക് നടന്ന ഇലക്ട്രീഷ്യന്‍ ഗ്രേഡ് ബി റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി ഹൈടെക്ക് കോപ്പിയടിച്ച കേസില്‍ ജയിലില്‍ കഴിയുന്ന അഞ്ചു പ്രതികള്‍ക്കും ജാമ്യമില്ല. മുഖ്യ സൂത്രധാരന്‍ ഹരിയാനയിലെ ജിണ്ട് ജില്ലയിലെ ഗ്രാമത്തലവന്റെ സഹോദരന്‍ ദീപക് ഷോഗന്റടക്കം 5 പ്രതികള്‍ക്കാണ് ജാമ്യം നിഷേധിച്ചത്. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജാണ് പ്രതികള്‍ക്ക് ജാമ്യം നിരസിച്ചത്. ഹരിയാന ഹിസൂര്‍ ജില്ലക്കാരനായ മനോജ് കുമാര്‍ (32), ഹരിയാന ജിണ്ട് ജില്ലക്കാരായ ജഗദീപ് സിംഗ് (29) പരീക്ഷാതട്ടിപ്പ് മുഖ്യ സൂത്രധാരന്‍ ദീപക് ഷോഗന്റ് (30), ഫൂല്‍ സിംഗ് മകന്‍ സോനു സിംഗ് (30), ലാഖ്‌വീന്ദര്‍ (25) എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ ഗുരുതരവും ഗൗരവമേറിയതുമാണ്.
കൃത്യത്തില്‍ പ്രതികളുടെ ഉള്‍പ്പെടല്‍ കേസ് റെക്കോര്‍ഡില്‍ കാണപ്പെടുന്നുണ്ട്. പ്രതികളെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള പോലീസ് റിപ്പോര്‍ട്ടും പരിഗണിച്ചാണ് ജാമ്യഹര്‍ജികള്‍ കോടതി തള്ളിയത്. പ്രതികളുടെ റിമാന്‍ഡ് സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.