‘നല്ല ഉന്നമില്ലാത്തോണ്ട് കയ്ചിലായി’, പരിശീലനത്തിനിടെ വീട്ടിലേക്ക് വെടിയുണ്ട, കഷ്ടിച്ച് രക്ഷപ്പെട്ട് പെൺകുട്ടി

Advertisement

നാട്ടകം: കോട്ടയം നാട്ടകത്ത് പൊലീസ്‌ ഷൂട്ടിംഗ് പരിശീലനം നടത്തുന്നതിനിടെ ലക്ഷ്യം തെറ്റിയ വെടിയുണ്ട സമീപത്തിന്റെ വീടിന്റെ ജനലിൽ പതിച്ചു. ജനലിനോട് ചേർന്ന മുറിയിൽ പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥിനി അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. മുമ്പും സമാനമായ അപകടം പൊലീസ് ഷൂട്ടിംഗ് പരിശീലനത്തിനിടെ ഉണ്ടായിട്ടുണ്ടെന്ന് ജനപ്രതിനിധികൾ ആരോപിച്ചു.

സംഭവത്തെ പറ്റി അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് വിശദീകരണം. ഉള്ളാട്ടിൽ ജേക്കബിന്റെ വീട്ടിലേക്കാണ് പൊലീസ് പരിശീലനത്തിനിടെ വെടിവയ്പുണ്ടായത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന സോണിയും കുടുംബവും സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് പുറത്ത് വന്നിട്ടില്ല.

വീടിന്റെ പിൻ വശത്തെ ജനലാണ് വെടിവയ്പിൽ പൊട്ടിയത്. സോണിയുടെ മകൾ അൽക്കയുടെ സമീപത്തായാണ് വെടിയുണ്ടയും ജനൽ ചീളുകളും വന്ന് വീണത്. രണ്ട് വർഷം മുൻപ് എം സി റോഡിൽ വാഹന ഷോറൂമിന് മുകളിൽ വെടിയുണ്ട പരിശീലന വെടിവയ്പിനിടെ തറച്ചിരുന്നു.

അന്ന് നിർത്തിവച്ച പരിശീലനം വീണ്ടും ആരംഭിച്ചപ്പോഴാണ് നിലവിലെ സംഭവം. 1965ലാണ് നാട്ടകത്ത് റൈഫിൾ അസോസിയേഷന് ഷൂട്ടിംഗ് പരിശീലനത്തിന് സ്ഥലം അനുവദിക്കുന്നത്. അന്ന് ജനവാസ മേഖല അല്ലാതിരുന്ന പ്രദേശത്ത് ഇന്ന് നിറയെ വീടുകളാണുള്ളത്.

Advertisement