തിരുവനന്തപുരം: സംസ്ഥാനത്ത് നബി ദിനത്തിനുള്ള പൊതുഅവധി സെപ്റ്റംബർ 27 ൽ നിന്ന് 28 ലേക്ക് മാറ്റിയേക്കും. പൊതു ഭരണ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണിത്. അവധി മാറ്റണമെന്ന ശുപാർശയടങ്ങിയ പൊതുഭരണ വകുപ്പിന്റെ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ഇന്നലെ കാസർകോട് വിവിധ പരിപാടികളിൽ ആയിരുന്നതിനാൽ മുഖ്യമന്ത്രി ഫയലിൽ ഒപ്പുവച്ചിട്ടില്ല. ഇന്നോ നാളെയോ മുഖ്യമന്ത്രി ഒപ്പിടുമെന്നാണ് സൂചന.
നബി ദിനം പ്രമാണിച്ച് സെപ്റ്റംബർ 28ന് പൊതുഅവധി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. മാസപ്പിറവി കാണാത്തതിനാൽ നബി ദിനം സെപ്റ്റംബർ 28 ന് തീരുമാനിച്ച സാഹചര്യത്തിൽ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എംഎൽഎ ആവശ്യപ്പെട്ടത്. അതേസമയം, നബി ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മഹല്ലു കമ്മിറ്റികൾ. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റ് കൂട്ടുമെങ്കിലും ദഫ് മുട്ടാണ് പ്രധാന ആകർഷണം. ആഴ്ചകളായി തുടരുന്ന പരിശീലനം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ആഘോഷത്തിനുള്ള തയാറെടുപ്പുകൾ എല്ലാം അതിവേഗത്തിലാണ് മുന്നോട്ട് പോകുന്നത്.