കൊച്ചി.എറണാകുളത്ത് ഫ്ലാറ്റിലെ താമസക്കാരിയായ സ്ത്രീക്ക് 15 ദിവസമായി കുടിവെള്ളം നിഷേധിച്ച് ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികൾ . എറണാകുളം ചിറ്റൂർ റോഡിലെ ആർ ഡി എസ് ഫ്ലാറ്റ് അസോസിയേഷൻ സെക്രട്ടറിയും, പ്രസിഡണ്ടും ആണ് ഫ്ലാറ്റിലേക്കുള്ള കുടിവെള്ളം നിഷേധിച്ചത് എന്നാണ് പരാതി.പോലീസ് എത്തി നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ അസോസിയേഷൻ ഭാരവാഹികളെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
എറണാകുളം ചിറ്റൂർ റോഡിൽ ഉള്ള ആർഡിഎസ് ഫ്ലാറ്റ് ഭാരവാഹികൾക്കെതിരെയാണ് എട്ടുവർഷമായി ഇതേ ഫ്ലാറ്റിൽ താമസിക്കുന്ന റീന വർഗീസ് പരാതി നൽകിയത്.ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികളായ ബെന്നിയുടെ നേതൃത്വത്തിൽ തന്റെ ഫ്ലാറ്റിലേക്ക് കഴിഞ്ഞ 15 ദിവസമായി കുടിവെള്ളം നിഷേധിക്കുന്നു എന്നാണ് പരാതി.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും വെള്ളം നൽകാതെ പൈപ്പിന്റെ വാൽവ് സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് പൂട്ടിയിട്ടിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.ഫ്ലാറ്റിലെ ലിഫ്റ്റ് ഓഫ് ചെയ്തിട്ടിരിക്കുന്നതും ജനറേറ്റർ നന്നാക്കി നൽകാത്തതും ഉൾപ്പെടെ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ ഫ്ലാറ്റിലെ മറ്റുള്ളവരും പരാതിയുമായി രംഗത്തെത്തിയിരുന്നു.പരിപാലന ചിലവ് എന്ന് പറഞ്ഞ് കഴിഞ്ഞദിവസം റീനയുടെ കയ്യിൽ നിന്ന് 50,000 രൂപയും അസോസിയേഷൻ ഭാരവാഹികൾ വാങ്ങിയെടുത്തിരുന്നു.
എന്നിട്ടും വെള്ളം ഉൾപ്പെടെ നിഷേധിച്ചതോടെയാണ് ദുരിതത്തിലായ റീന പരാതിയുമായി പോലീസിന് അടുത്തെത്തിയത്.നോർത്ത് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുമ്പോൾ വെള്ളം നൽകുന്നുണ്ടെന്നായിരുന്നു ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചത്.എന്നാൽ പരിശോധനയിൽ വാൽവ് പൂട്ടിവച്ചിരിക്കുന്നതായി പോലീസ് കണ്ടെത്തി ഇതോടെ അസോസിയേഷൻ സെക്രട്ടറിയും പ്രസിഡണ്ടും അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കടുത്ത മനുഷ്യാവകാശ ലംഘനമാണ് അസോസിയേഷൻ ഭാരവാഹികൾ നടത്തിയതെന്ന് പോലീസ് പറഞ്ഞു.ഗാർഹിക ആവശ്യത്തിനുള്ള ഫ്ലാറ്റ് വ്യാവസായിക ആവശ്യത്തിന് ഉപയോഗിച്ചതിനും, വൈദ്യുതി മോഷണത്തിനും കെഎസ്ഇബിയും ഫ്ലാറ്റ് .അസോസിയേഷൻ സെക്രട്ടറിക്കും പ്രസിഡണ്ടിനും പിഴ ചുമത്തിയിരുന്നു.
.representational image